കൊല്ലത്തിന്‍റെ കിഴക്കന്‍ മേഖലയില്‍ ഡെങ്കിപ്പനി പടരുന്നു. നൂറ്റിപതിനൊന്ന് പേരാണ് ഇതുവരെ ഡെങ്കിപ്പനി ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയത്.

കൊല്ലത്തിന്‍റെ കിഴക്കന്‍ മേഖലകളായ പുനലൂര്‍, പത്തനാപുരം താലൂക്കുകളിലാണ് ഡെങ്കിപ്പനി പടരുന്നത്. കഴിഞ്ഞ അഞ്ച് മാസത്തിനിടെ 111 പേരാണ് ഡെങ്കിപ്പനി ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയത്. ഇതില്‍ തന്നെ പത്തനാപുരത്താണ് ഏറ്റവും കൂടുതല്‍ രോഗ ബാധിതര്‍. 51 പേര്‍. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് 16 പേര്‍ മാത്രമാണ് പത്തനാപുരത്ത് ഡെങ്കിപ്പനി ബാധിതരായി ഉണ്ടായിരുന്നത്. വിളക്കുടി പഞ്ചായത്ത് പരിധിയില്‍ 13 പേര്‍ക്കും പുനലൂര്‍ നഗരസഭാ പരിധിയില്‍ 31 പേര്‍ക്കും ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.

ഡെങ്കിപ്പനി പടരുന്പോഴും പല ആശുപത്രികളിലും ആവശ്യത്തിന് മരുന്നില്ലാത്തത് രോഗികളെ വലയ്‌ക്കുന്നുണ്ട്. രോഗം കണ്ടെത്തിയ പ്രദേശങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയതിനാല്‍ രോഗം പടരുന്നത് നിയന്ത്രിക്കാന്‍ ആയിട്ടുണ്ട്. തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ആരോഗ്യവകുപ്പ് ഉറവിട കൊതു നശീകരണ പ്രവര്‍ത്തനങ്ങളും ബോധവത്കരണ പരിപാടികളും തുടരുകയാണ്.