ആശങ്ക ഉയര്‍ത്തി ഡെങ്കിപ്പനി ഇതുവരെ 49 പേര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തു മുന്‍വര്‍ഷത്തേത്തിന്‍റെ ഇരട്ടിയിലേറെ കൂടുതലും തോട്ടം മേഖലകളില്‍

പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കൂടുന്നു. ഈ വര്‍ഷം ഇതുവരെ 49 പേര്‍ക്ക് ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മഴക്കാലമെത്തും മുന്‍പേ ഡെങ്കി പടരുന്നത് ആശങ്കപ്പെടുത്തുകയാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയതിനെ തുടര്‍ന്ന് കേരളമൊട്ടാക ഡെങ്കി ബാധിതരുടെ എണ്ണം കുറയുമ്പോഴാണ് പത്തനംതിട്ട ജില്ലയില്‍ രോഗബാധിതരുടെ എണ്ണത്തില്‍ വര്‍ധന രേഖപ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ വർഷം ഏപ്രിൽ വരെ 19 ഡെങ്കി കേസുകൾ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ ഇത്തവണ അത് ഇരട്ടിയിലേറെയായി. ജില്ലയില്‍ കോന്നി, വല്ലന, വെച്ചൂച്ചിറ പ്രദേശങ്ങളിലാണ് കൂടുതല്‍ പേര്‍ക്ക് ഡെങ്കിപ്പനി പിടിപെട്ടത്.സാധാരണയായി മെയ് , ജൂണ്‍, ജൂലൈ മാസങ്ങളിലാണ് ഡെങ്കിപ്പനി വ്യാപകമായി കണ്ടുവന്നിരുന്നത്.

ഈ വര്‍ഷം പക്ഷെ പതിവിലും നേരത്തെ രോഗം പടരുന്നത് ആരോഗ്യ പ്രവര്‍ത്തകരെ ആശങ്കപ്പെടുത്തുകയാണ്. മന്ത് രോഗബാധയിലും വര്‍ദ്ധന ഉണ്ടായിട്ടുണ്ട്. ഈ വര്‍ഷം ആദ്യ നാല് മാസം 63 പേര്‍ക്ക് മന്ത് രോഗം പിടിപെട്ടു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി ഊര്‍ജ്ജിതമാക്കി രോഗവ്യപനം തടയാനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്.