ഭര്‍ത്താവിനെ വിട്ട് തനിയെ കഴിയുന്നത് തന്‍റെ മൗലികാവകാശമാണെന്നും ഭര്‍ത്താവിന് ദാമ്പത്യജീവിതത്തിന്‍റെ അവകാശങ്ങള്‍ നല്‍കാന്‍ തന്നെ നിര്‍ബന്ധിക്കുന്നത് തന്‍റെ മൗലികാവകാശത്തിനു മേലുള്ള കൈകടത്തലാണെന്നുമാണ് യുവതി വാദിച്ചത്
ദില്ലി: ഭര്‍ത്താവിനോടൊപ്പം ലൈംഗിക ബന്ധത്തിന് താല്‍പ്പര്യമില്ലെന്ന് പറഞ്ഞുള്ള യുവതിയുടെ ഹര്‍ജി തള്ളി സുപ്രീംകോടതി. ഭര്‍ത്താവിന് ലൈംഗികമായി വഴങ്ങിക്കൊടുക്കാനാകില്ലെന്നും അത് മൗലികാവകാശ ലംഘനമാണെന്നും വ്യക്തമാക്കിയായിരുന്നു യുവതിയുടെ ഹര്‍ജി. ജസ്റ്റിസുമാരായ യുയു ലളിത്, ശാന്തനഗൗഡര്‍ എന്നിവരടങ്ങിയ ബെഞ്ച് ഹര്‍ജി അപക്വമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു തള്ളിക്കളഞ്ഞത്.
ഭര്‍ത്താവില്‍ നിന്നും മാറി തനിച്ച് താമസിക്കുകയായിരുന്ന ഐടി ഉദ്യോഗസ്ഥയായ യുവതിയാണ് ഹര്‍ജി സമര്‍പ്പിച്ചത്. ഭര്‍ത്താവിനെ വിട്ട് തനിയെ കഴിയുന്നത് തന്‍റെ മൗലികാവകാശമാണെന്നും ഭര്‍ത്താവിന് ദാമ്പത്യജീവിതത്തിന്‍റെ അവകാശങ്ങള്‍ നല്‍കാന്‍ തന്നെ നിര്‍ബന്ധിക്കുന്നത് തന്‍റെ മൗലികാവകാശത്തിനു മേലുള്ള കൈകടത്തലാണെന്നുമാണ് യുവതി വാദിച്ചത്. എന്നാല്‍ യുവതിയുടെ ഹര്‍ജി സുപ്രീംകോടതി അനുവദിച്ചില്ല.
ഭാര്യ തനിച്ചു താമസിക്കുന്നതിനാല്‍ തനിക്ക് ദാമ്പത്യജീവിതത്തിന്‍റെ അവകാശങ്ങള്‍ സ്ഥാപിച്ച് കിട്ടണമെന്നാവശ്യപ്പെട്ട് ഭര്‍ത്താവ് കോടതിയെ സമീപിക്കുകയായിരുന്നു. ഇതിനെതിരെയാണ് യുവതി ഹര്‍ജി നല്‍കിയത്. സ്ത്രീയെ ദാമ്പത്യ സഹജീവിതത്തിന് നിര്‍ബന്ധിക്കുന്നത് മൗലിക അവകാശം, അന്തസ്, സ്വകാര്യത, വ്യക്തിസ്വാതന്ത്ര്യം, സമത്വം എന്നിവയുടെ ലംഘനമാണെന്ന് ചൂണ്ടികാട്ടിയായിരുന്നു യുവതി കോടതിയെ സമീപിച്ചത്.
