സിമഡേഗ: ജാര്‍ഖണ്ഡിലെ സിമഡേഗയില്‍ പട്ടണി മൂലം 11 കാരി മരിച്ചു. ദുര്‍ഗാ പൂജയ്ക്ക് സ്കൂള്‍ അടച്ചതോടെ സന്തോഷി കുമാരി എട്ടു ദിവസമാണ് പട്ടണി കിടന്നത്. തുടര്‍ന്ന് സെപ്റ്റംബര്‍ 28 ന് കുട്ടി മരണമടഞ്ഞു. ആധാര്‍ റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിച്ചില്ലെന്ന കാരണത്താല്‍ ഇവര്‍ക്ക് റേഷന്‍ നിഷേധിച്ചിരുന്നു. മരിക്കുന്നതിന് മുമ്പായി കുട്ടി ഭക്ഷണത്തിന് ചോദിച്ചെന്നും കുട്ടിക്ക് സുഖമില്ലാതായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ കുട്ടിക്ക് ഭക്ഷണം നല്‍കാന്‍ ഡോക്ടര്‍ ആവശ്യപ്പെട്ടതായും പെണ്‍കുട്ടിയുടെ അമ്മ കൊയിലി ദേവി പറഞ്ഞു. സിമഡേഗയിലെ കരിമാട്ടി ഗ്രാമത്തിലായിരുന്നു പെണ്‍കുട്ടിയും കുടുംബവും താമസിച്ചിരുന്നത്.

മകള്‍ മരിച്ച് മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ അടുത്ത ഇരുട്ടടിയാണ് ഇവരെ തേടിയെത്തിയത്. ആധാര്‍ കാര്‍ഡുമായി റേഷന്‍ കാര്‍ഡ് ബന്ധിപ്പിക്കാത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ കുടുംബത്തിന്‍റെ റേഷന്‍ കാര്‍ഡ് റദ്ദാക്കിയിരിക്കുകയാണ്. റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചില്ലെന്ന് ചൂണ്ടിക്കാട്ട് കഴിഞ്ഞ ആറുമാസമായി റേഷന്‍ ഡീലര്‍ ഇവര്‍ക്ക് അര്‍ഹതപ്പെട്ട റേഷന്‍ നിഷേധിച്ചിരുന്നു. എന്നാല്‍ 2013 ലെ സുപ്രീം കോടതി വിധി പ്രകാരം ഭക്ഷണ സാധനങ്ങള്‍ക്ക് സബ്സിഡി നല്‍കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കാന്‍ പാടില്ല. 

പൊതുവിതരണ സംവിധാനത്തിലൂടെ 700 കുടുംബങ്ങള്‍ക്കാണ് കരിമാട്ടി ഗ്രാമത്തില്‍ സബ്സിഡി ലഭിച്ചിരുന്നത്. എന്നാല്‍ ആധാറുമായി റേഷന്‍ കാര്‍ഡ് ബന്ധിപ്പിച്ചില്ലെന്ന കാരണത്താല്‍ ഇതില്‍ 10 പേരെ പട്ടികയില്‍ നിന്ന് പുറത്താക്കി. സന്തോഷിയുടെ അമ്മ കൊയിലി ദേവിയുടെ ആധാര്‍ കാര്‍ഡിന്‍റെ ഫോട്ടോസ്റ്റാറ്റ് ജില്ലാ വിതരണ ഓഫീസര്‍ക്ക് അയച്ച് കൊടുത്ത് പുതിയ ഒരു റേഷന്‍ കാര്‍ഡിനായി റൈറ്റ് ടു ഫുഡിന്‍റെ പ്രവര്‍ത്തകര്‍ ആവശ്യമുന്നയിച്ചു.