കുമാരസ്വാമി സര്‍ക്കാറിനെ മറിച്ചിടാനായി ശ്രമം നടത്തുന്നുവെന്ന് വെളിപ്പെടുത്തി ബിജെപി എംഎല്‍എ. കോണ്‍ഗ്രസും ജെഡിഎസും തമ്മിലുള്ള പ്രശ്നങ്ങള്‍ ആളിക്കത്തിക്കുന്നതിന് എണ്ണ പകരുകയാണ് ഞങ്ങള്‍ ചെയ്യുന്നതെന്ന് ബിജെപി ചിക്കമംഗളൂരു എംഎല്‍എ സിടി രവി പറഞ്ഞു. 

ബെംഗളൂരു: കുമാരസ്വാമി സര്‍ക്കാറിനെ മറിച്ചിടാനായി ശ്രമം നടത്തുന്നുവെന്ന് വെളിപ്പെടുത്തി ബിജെപി എംഎല്‍എ. കോണ്‍ഗ്രസും ജെഡിഎസും തമ്മിലുള്ള പ്രശ്നങ്ങള്‍ ആളിക്കത്തിക്കുന്നതിന് എണ്ണ പകരുകയാണ് ഞങ്ങള്‍ ചെയ്യുന്നതെന്ന് ബിജെപി ചിക്കമംഗളൂരു എംഎല്‍എ സിടി രവി പറഞ്ഞു. കുമാരസ്വാമി സര്‍ക്കാറിനെ മറിച്ചിടാന്‍ ശ്രമിച്ചിട്ടില്ലെന്ന വാദവുമായി മുന്‍ മുഖ്യമന്ത്രിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ ബിഎസ് യെദ്യൂരപ്പ എത്തിയതിന് പിന്നാലെയാണ് എംഎല്‍എയുടെ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവസരം ഞങ്ങള്‍ക്കുണ്ട്. 104 സീറ്റുകളില്‍ ഞങ്ങള്‍ ജയിച്ചു. ചെറിയ കണക്കുകളികളിലാണ് അവര്‍ സര്‍ക്കാര്‍ രൂപീകരിച്ചത്. അഭിപ്രായ വ്യത്യാസമുള്ളവര്‍ നിങ്ങളുടെ പാര്‍ട്ടിയില്‍ തന്നെയുണ്ട്. ഈ പ്രശ്നം ആളിക്കത്തിക്കാന്‍ എണ്ണ പകരുക എന്നതാണ് ഞങ്ങളുടെ രാഷ്ട്രീയം. കാരുണ്യ പ്രവര്‍ത്തനത്തിനല്ല ഞങ്ങള്‍ ഇവിടെ വരെ എത്തിയതെന്നും എംഎല്‍എ പറഞ്ഞു.

നിങ്ങളുടെ എംഎല്‍എമാര്‍ ഒപ്പം നില്‍ക്കുന്നില്ലെങ്കില്‍ അതിന് ഞങ്ങളോട് പറഞ്ഞിട്ട് കാര്യമില്ല. 2006ല്‍ സിദ്ധരാമയ്യ ജെഡിഎസ് വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത് വില്‍പ്പനയായിരുന്നോ? ലേലമായിരുന്നോ സിടി രവി ചോദിച്ചു. ബിജെപി എംഎല്‍എമാര്‍ റിസോര്‍ട്ടില്‍ ഒളിവില്‍ താമസിച്ചത് വരള്‍ച്ചയെ കുറിച്ച് പഠിക്കാനല്ല രാഷ്ട്രീയം പഠിക്കാനാണെന്നും എംഎല്‍എ പറഞ്ഞു. നേരത്തെ മൂന്ന് ദിവസത്തോളം നീണ്ട രാഷ്ട്രീയ നാടകങ്ങളുടെ ഭാഗമായി ഗുരഗ്രാം റിസോര്‍ട്ടില്‍ കഴിഞ്ഞ 104 എംഎല്‍എമാരില്‍ ഒരാളാണ് സിടി രവി.