നിറത്തിന്റെ പേരിലടക്കം യശസ്വിനി എന്ന വിദ്യാർത്ഥിനി അധിക്ഷേപം നേരിട്ടുവെന്ന മാതാപിതാക്കളുടെയും സഹപാഠികളുടെയും പരാതിയിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
ബെംഗളൂരു: ബെംഗളൂരുവിൽ മൂന്നാം വർഷ ഡെന്റൽ വിദ്യാർത്ഥിനിയുടെ മരണത്തിൽ കോളേജ് അധ്യാപകർക്കും പ്രിൻസിപ്പലിനും എതിരെ കേസെടുത്ത് പൊലീസ്. നിറത്തിന്റെ പേരിലടക്കം യശസ്വിനി എന്ന വിദ്യാർത്ഥിനി അധിക്ഷേപം നേരിട്ടുവെന്ന മാതാപിതാക്കളുടെയും സഹപാഠികളുടെയും പരാതിയിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. വ്യാഴാഴ്ചയാണ് ഇരുപത്തിമൂന്നുകാരിയായ യശസ്വിനി ബെംഗളൂരു ചന്ദാപുരയിലെ വീട്ടിൽ ജീവനൊടുക്കിയത്. ഈ മുഖം വച്ചാണോ നീ ഡോക്ടറാകുന്നതെന്ന് ചോദിച്ചു. നിറത്തിന്റെ പേരിൽ പരിഹസിച്ചു. എല്ലാവരുടെയും മുന്നിൽ വച്ച് അധിക്ഷേപിച്ചുവെന്നാണ് കുടുംബത്തിന്റെ ആരോപണം.
കറുത്ത നിറമുള്ള നീയാണോ ഡോക്ടറാകാൻ പോകുന്നത് എന്നുള്ള പരിഹാസം. പഠിക്കാൻ മിടുക്കിയായിട്ടും ഒരു ദിവസം അവധി എടുക്കേണ്ടി വന്നപ്പോൾ നേരിടേണ്ടി വന്ന കളിയാക്കലുകൾ. വസ്ത്രധാരണത്തിന്റെ പേരിൽ അധിക്ഷേപം. ഇരുപത്തിമൂന്നുകാരിയായ യശസ്വിനി ജീവനൊടുക്കാൻ കാരണം ഇതെല്ലാമാണെന്ന ബന്ധുക്കളുടെ പരാതിയിലാണ് ബെംഗളൂരു സൂര്യനഗർ പൊലീസ് അവൾ പഠിച്ചിരുന്ന കോളേജിനെതിരെ കേസെടുത്തത്. നാല് അധ്യാപകർക്കും പ്രധാന അധ്യാപകനുമെതിരെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. യശസ്വിനിയുടെ മരണത്തിൽ ബന്ധുക്കളും സഹപാഠികളും പ്രതിഷേധം കടുപ്പിച്ചതിന് പിന്നാലെയാണ് നടപടി.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ബൊമ്മനഹള്ളി ഓക്സ്ഫർഡ് ഡെന്റൽ കോളേജിൽ ഓറൽ മെഡിസിൻ ആന്റ് റേഡിയോളജി മൂന്നാം വർഷ വിദ്യാർത്ഥിനിയായ യശസ്വിനി ചന്ദാപുരയിലെ വീട്ടിൽ ജീവനൊടുക്കിയത്. ആരുടെയും പേര് പരാമർശിക്കാത്ത ഒരു ആത്മഹത്യ കുറിപ്പും കണ്ടെത്തിയിരുന്നു. പിന്നാലെയാണ് കോളേജിൽ മകൾ അധ്യാപകരിൽ നിന്ന് ക്രൂരമായ പരിഹാസത്തിന് ഇരയായെന്ന് വ്യക്തമാക്കി അമ്മ പരിമള രംഗത്തെത്തിയത്. സഹപാഠികളും ഈ വിവരം ശരിവച്ചതോടെ ശക്തമായ പ്രതിഷേധം ഉയർന്നു. തുടർന്നാണ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. അന്വേഷണം പുരോഗമിക്കുകയാണെന്നും വൈകാതെ അറസ്റ്റുൾപ്പെടെയുള്ള നടപടികൾ ഉണ്ടാകുമെന്നും പൊലീസ് വ്യക്തമാക്കി.

