Asianet News MalayalamAsianet News Malayalam

പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകന്‍ ഐ.എസില്‍ ചേര്‍ന്നതിന്‍റെ വിശദാംശങ്ങള്‍ പുറത്ത്

Deported PFI member spills the beans on ISIS recruitment in India
Author
First Published Nov 18, 2017, 9:17 AM IST

ദില്ലി: കണ്ണൂര്‍ സ്വദേശിയായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ ഷാജഹാന്‍ വെള്ളുവകണ്ടി ഇസ്ലാമിക് സ്റ്റേറ്റ്‌സില്‍ ചേര്‍ന്നത് സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്ത്. ദേശീയമാധ്യമമായ ഇന്ത്യാടുഡേയാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തു വിട്ടത്. 

സിറിയയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ തുര്‍ക്കി പോലീസ് പിടികൂടി ഇന്ത്യയിലേക്ക് തിരിച്ചയച്ച ഷാജഹാനെ സുരക്ഷാസേന ചോദ്യം ചെയ്തതോടെയാണ് ഐ.എസ് റിക്രൂട്ട്‌മെന്‍റ് സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചത്. ഫേസ്ബുക്ക് വഴി പരിചയപ്പെട്ടവരുമായി തുര്‍ക്കിയിലെത്തിയ ഷാജഹാന്‍ അവിടെ നിന്നും സിറിയയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ പിടിക്കപ്പെടുകയായിരുന്നു. 

കണ്ണൂര്‍ സ്വദേശിയായ ഷാജഹാന്‍ 2007-08 കാലത്ത് പോപ്പുലര്‍ ഫ്രണ്ടിന്‍റെ ഏരിയ പ്രസിഡന്റായിരുന്നു. പിന്നീട് 2010-ല്‍ ഫേസ്ബുക്കില്‍ സജീവമായതോടെയാണ് സമാനചിന്താഗതിക്കാരായ കൂടുതല്‍ പേരെ ഇയാള്‍ പരിചയപ്പെടാന്‍ തുടങ്ങിയത്. ഈ കാലയളവില്‍ തീവ്രചിന്താഗതിക്കാരായ ഒന്‍പതോളം പേരുടെ ഒരു ഗ്രൂപ്പ് തന്നെ ഇയാള്‍ പോപ്പുലര്‍ ഫ്രണ്ട് വൃത്തങ്ങളില്‍ നിന്നുണ്ടാക്കി. ഫ്രീ തിങ്കേഴ്‌സ്, റൈറ്റ് തിങ്കേഴ്‌സ് എന്നീ ഫേസ്ബുക്ക് ഗ്രൂപ്പുകള്‍ വഴിയായിരുന്നു ഇത്. 

2010-ല്‍ ഷാജഹാന്‍ സൗദി അറേബ്യയിലേക്ക് പോയെങ്കിലും സോഷ്യല്‍മീഡിയ വഴി സുഹൃത്തുകളുമായി സജീവബന്ധം പുലര്‍ത്തിയിരുന്നു. 2013-ല്‍ ഇന്ത്യയില്‍ തിരിച്ചെത്തിയ ഇയാള്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പരിപാടികളില്‍ വീണ്ടും സജീവമായി പങ്കെടുത്തു. ഇങ്ങനെ സംഘടന സംഘടിപ്പിച്ച ഒരു സെമിനാറില്‍ വച്ചാണ് ഷമീര്‍ എന്നയാളെ ഷാജഹാന്‍ പരിചയപ്പെടുന്നത്. വിശുദ്ധപോരാട്ടത്തിനായി സിറിയയിലേക്ക് പോകാന്‍ ഷാജഹാനെ ഷമീര്‍ പ്രേരിപ്പിച്ചു. 

2016-ല്‍ ഷമീര്‍ കുടുംബസമേതം സിറിയയിലേക്ക് പോയതായി ഷാജഹാന് വിവരം ലഭിച്ചു.പിന്നീട് സിറിയയില്‍ നിന്നും ഷമീര്‍ ഷാജഹാനെ വാട്‌സാപ്പ് വഴി ബന്ധപ്പെടുകയും ഷാജഹാന്റെ സംഘത്തില്‍പ്പെട്ട ഷാഹ്ജില്‍, മുനാഫ് എന്നിവരേയും കൂട്ടി സിറിയക്ക് വരുവാനും ആവശ്യപ്പെട്ടു. 

ഷമീറിന്റെ പിന്തുണയോടെ 2016-ല്‍ ഷാജഹാന്‍ സിറിയയ്ക്ക് തിരിച്ചു. ഷമീര്‍  നിര്‍ദേശിച്ച പ്രകാരം ഇന്ത്യയില്‍ നിന്നും മലേഷ്യ-ടെഹ്‌റാന്‍-ഇസ്താംബൂള്‍ വഴി സിറിയയില്‍ എത്താനായിരുന്നു സംഘത്തിന്റെ പദ്ധതി. (ഇസ്ലാമിക് സ്റ്റേറ്റ്‌സിന് വേണ്ടി പോരാടാന്‍ ഇറങ്ങുന്നവര്‍ക്ക് ഇസ്താംബൂളില്‍ പ്രത്യേക പരിശീലനവും നല്‍കിയിരുന്നു.)

2016-ല്‍ മുനാഫ്, ഷാഹ്ജില്‍ എന്നിവര്‍ക്കൊപ്പം തുര്‍ക്കിയില്‍ നിന്നും സിറിയയിലേക്ക് കടക്കാന്‍ ഷാജഹാന്‍ ശ്രമിച്ചെങ്കിലും അത് പരാജയപ്പെട്ടു. എന്നാല്‍ മുനാഫും ഷാഹ്ജിലും സിറിയയിലേക്ക് കടന്നു. പിന്നീട് 2017-ല്‍ വീണ്ടും തുര്‍ക്കി അതിര്‍ത്തി വഴി സിറിയയിലേക്ക് കടക്കാന്‍ ശ്രമിച്ച ഷാജഹാനെ വ്യാജപാസ്‌പോര്‍ട്ടുമായി സുരക്ഷാസേന പിടികൂടി ഇന്ത്യയിലേക്ക് തിരിച്ചയച്ചു. 

കേരളത്തില്‍ നിന്നും കാണാതായ 17 യുവാക്കളും ഐ.എസില്‍ ചേര്‍ന്നിട്ടുണ്ടെന്നും കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടയില്‍ തന്നെ ഒന്‍പത് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ സിറിയയിലെത്തി ഐ.എസില്‍ ചേര്‍ന്നുവെന്നും ഷാജഹാന്‍ ചോദ്യം ചെയ്യല്ലില്‍ പറഞ്ഞതായി ഇന്ത്യാടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

തീവ്രവാദിബന്ധം ചൂണ്ടിക്കാട്ടി പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന നിര്‍ദേശം കേന്ദ്രസര്‍ക്കാരിന്റെ സജീവപരിഗണനയിലായിരുന്നുവെന്നും പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ വരും മാസങ്ങളില്‍ തന്നെ സംഘടനയെ നിരോധിക്കുമെന്നുമാണ് ഇന്ത്യാടുഡേയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. 

2016 ജൂണ്‍ വരെ ഫേസ്ബുക്കില്‍ സജീവമായിരുന്ന ഷാജഹാന്‍ ഈ കാലയളവിലെല്ലാം ഇസ്ലാമിക് സ്റ്റേറ്റ്‌സ് അനുകൂല സന്ദേശങ്ങള്‍ പ്രചരിപ്പിച്ചിരുന്നുവെന്നും ജിഹാദി പ്രവര്‍ത്തനങ്ങളിലേക്ക് ആളുകളെ കണ്ടെത്തുവാന്‍ തീവ്രവാദി ഗ്രൂപ്പുകള്‍ പ്രധാനമായും ആശ്രയിക്കുന്നത് സോഷ്യല്‍ മീഡിയയെ ആണെന്നുമാണ് സുരക്ഷാസേനയുടെ കണ്ടെത്തല്‍. 


 

Follow Us:
Download App:
  • android
  • ios