ദില്ലി: സഹോദരിക്ക് നേരെ നടന്ന പീഡന ശ്രമം തടയാനാവാത്തതിൽ മനം നൊന്ത് പതിനെട്ടുകാരൻ ആത്മഹത്യ ചെയ്തു. ദില്ലിയിലെ ജീവൻപാർക്ക് സിർസപൂറിലാണ് സംഭവം. ദീപക് കുമാർ എന്നയാളാണ് ഫാനിൽ തൂങ്ങിമരിച്ചത്. മോഷണ ആരോപണം ഉന്നയിച്ച് കഴിഞ്ഞ ഏഴിന് സഹോദരിയെ നാലംഗ ഗുണ്ടാസംഘം പീഡിപ്പിച്ചിരുന്നു. കൂടെയുണ്ടായിരുന്ന ദീപകിന് സഹോദരിയെ ഇവരിൽ നിന്ന് രക്ഷിക്കാനായില്ല.
ഇവർ ദീപക് കുമാറിനെ അധിക്ഷേപിക്കുകയും ചെയ്തിരുന്നു. അപമാനിതനായ ഇയാൾ വീട്ടിലെ ഫാനിൽ തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പൊലീസ് ഡെപ്യൂട്ടി കമീഷണർ രജനീഷ് ഗുപ്ത പറഞ്ഞു. എന്നാൽ ആത്മഹത്യാകുറിപ്പ് കണ്ടെടുക്കാനായിട്ടില്ല. സഹോദരിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന്റെ പേരിൽ പ്രദേശത്തെ യുവാക്കളുമായുണ്ടായ കലഹം കുടുംബാംഗങ്ങൾ പൊലീസിനോട് വെളിപ്പെടുത്തി.
സഹോദരിയുമൊത്ത് നടന്നുപോകുമ്പോള്‍ ആയിരുന്നു മോഷണ ആരോപണം ഉന്നയിച്ച് പീഡന ശ്രമം നടന്നതെന്ന് ദീപക് കുമാറിന്‍റെ അമ്മ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. എന്നാൽ ഇൗ സംഭവം പൊലീസിൽ അറിയിക്കുകയോ കേസെടുക്കുകയോ ചെയ്തിട്ടില്ല.
സംഭവം പുറത്തുവന്നതോടെ സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതിന് ഒരുപറ്റം യുവാക്കൾക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പോസ്റ്റ്മോർട്ടത്തിന് ശേഷം ദീപക് കുമാറിന്‍റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. ദീപകിന്റെ മരണത്തിൽ ആരോപണ വിധേയരായവരുടെ പങ്ക് പൊലീസ് പരിശോധിച്ചുവരികയാണ്.
