ചണ്ഡിഗഡ്: ദേര കലാപത്തിൻ്റെ പിന്നിലെ സൂത്രധാരനെ പൊലീസ് അറസ്റ്റ് ചെയ്തു. അക്രമം അഴിച്ചുവിടാൻ നിയോഗിക്കപ്പെട്ടിരുന്ന 'എ ടീമി'ൻ്റെ തലവൻ ദുനി ചന്ദാണ് പഞ്ചാബിലെ സൻഗ്രൂരിൽനിന്ന് പിടിയിലായത്. സൻഗ്രൂർ സ്വദേശിയായ ദുനി ചന്ദിന് ഗുർമീതിൻ്റെ ആശ്രമമായ ദേരാ സച്ചാ സൗദയുമായി അടുത്ത ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു.
ദുനി ചന്ദിൻ്റെ കാറും 1.70 ലക്ഷം രൂപയും പൊലീസ് പിടിച്ചെടുത്തു. ഗുർമീത് റാം റഹീം സിങ് കുറ്റക്കാരനാണെന്നു വിധി വന്നതിന് പിന്നാലെ പഞ്ചാബിൽ മാത്രം വൻ അക്രമ സംഭവങ്ങളാണ് അരങ്ങേറിയത്. ദുനിയെ കൂടാതെ മേജർ സിംഗ്, ബതീന്ദ സ്വദേശികളായ ബൽവീന്ദർ സിംഗ്, ഗുർദേവ് സിംഗ്, ഗുർദാസ് സിംഗ്, ബഗപുരാന സ്വദേശി പ്രീതി ചന്ദ്, മഹീന്ദർപാൽ സിംഗ് എന്നിവരാണ് എ ടീമിലെ അംഗങ്ങൾ. ഇവരെ കണ്ടെത്താനും പൊലീസ് തിരച്ചിൽ ഊർജിതമാക്കി.
അനുയായിയായ പെൺകുട്ടിയെ ബലാത്സംഗം ചെയ്തെന്ന കേസിലാണ് ദേര സച്ചാ സൗദ തലവൻ ഗുർമീത് റാം റഹിം സിങ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. സംഭവം നടന്ന് 15 വർഷത്തിനു ശേഷം പഞ്ച്കുല പ്രത്യേക സിബിഐ കോടതിയുടേതാണ് വിധി. വിധി വന്നതിനുശേഷം ആയിരക്കണക്കിന് അനുയായികൾ വിവിധ സംസ്ഥാനങ്ങളിൽ വ്യാപക അക്രമങ്ങളാണ് നടത്തിയത്. ഇതിൽ 38 പേർ കൊല്ലപ്പെടുകയും 250 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.
