ആലപ്പുഴ: ജീവിതത്തില്‍ പലതരം ദിനചര്യകളും അനുഷ്ഠിക്കുന്നവര്‍ക്ക് മുന്നില്‍ പുതിയ മാതൃകയാണ് ദേവസിക്കുട്ടി. അശരണരും ആലംബഹീനരുമായവരെ ശുശ്രൂഷിച്ച് ജീവിതത്തില്‍ പുതിയ അര്‍ത്ഥം വരച്ചുകാട്ടുകയാണ് ഈ 62 കാരന്‍. പണമോ പ്രതാപമോ പാണ്ഡിത്യമോ ഇല്ലെങ്കിലും പൂങ്കാവ് വെളിംപറമ്പില്‍ ദേവസിക്കുട്ടി ആശുപത്രി മുറ്റത്ത് അനാഥര്‍ക്ക് പ്രത്യാശയുടെ തിരിനാളമാണ്. 

സേവനത്തിന്റെയും ത്യാഗത്തിന്റെയും പാതയില്‍ ഇദ്ദേഹം സഞ്ചരിക്കാന്‍ തുടങ്ങിയിട്ട് 25 വര്‍ഷമായി. നിര്‍ധനരായ രോഗികള്‍ക്കുള്ള അന്നദാനവും ബന്ധുക്കള്‍ ഉപേക്ഷിച്ച് പോകുന്ന രോഗികളുടെ സംരക്ഷണവും ദേവസിക്കുട്ടിയുടെ ദിനചര്യയാണ്. ആലപ്പുഴ ജനറല്‍ ആശുപത്രി, വണ്ടാനം മെഡിക്കല്‍ കോളജ്, ചെട്ടികാട് പ്രാഥമിക ആരോഗ്യകേന്ദ്രം എന്നിവിടങ്ങളിലെ ശയ്യാവലംബരായ രോഗികളെ കുളിപ്പിച്ച് വൃത്തിയാക്കി വൃണങ്ങള്‍ കഴുകി മരുന്നുവെച്ചും വസ്ത്രങ്ങള്‍ കഴുകിക്കൊടുത്തും രാവിലെയും ഉച്ചയ്ക്കും ഭക്ഷണം എത്തിച്ചുകൊടുത്തും ഇയാള്‍ പാവങ്ങളുടെ അത്താണിയായി മാറുന്നു. 

1995 ല്‍ നെഞ്ചുവേദനയെ തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നപ്പോള്‍ തൊട്ടടുത്ത കിടക്കയില്‍ പരസഹായമില്ലാതെ ദുരിതം അനുഭവിക്കുന്ന ദമ്പതികളെ സഹായിച്ചും ശുശ്രൂഷിച്ചുമാണ് ആതുരരംഗത്ത് തുടക്കം കുറിച്ചത്. വിവിധ ദേശങ്ങളിലെ അനാഥരടക്കം അമ്പതിലധികം രോഗികളെ ഇതിനുള്ളില്‍ ജീവിതത്തിലേയ്ക്ക് മടക്കിക്കൊണ്ടുവരാന്‍ ദേവസിക്കുട്ടിക്ക് കഴിഞ്ഞിട്ടുണ്ട്. സുഖം പ്രാപിച്ച് ആശുപത്രി വിടുന്ന നിരാലംബരെ തന്റെ ഭവനത്തില്‍ കൊണ്ടുവന്ന് ശുശ്രൂഷിക്കുന്നതിന് ദേവസിക്കുട്ടിക്ക് തുണയായി കുടുംബാംഗങ്ങളുമുണ്ട്. ആശുപത്രികളില്‍ രക്തം ആവശ്യമുള്ളവര്‍ക്ക് യഥാസമയത്ത് എത്തിച്ചുകൊടുത്തും അടിയന്തിര ഘട്ടങ്ങളില്‍ മരുന്ന് എത്തിച്ച് കൊടുത്തും ദേവസിക്കുട്ടി മാതൃകയാകുന്നു. 

ഓരോ മനുഷ്യരിലും ഈശ്വരചൈതന്യം ദര്‍ശിക്കുന്ന ഇയാള്‍ പ്രശസ്തിക്കും മറ്റ് സാമ്പത്തിക ആനുകൂല്യങ്ങള്‍ക്കും താല്‍പ്പര്യമില്ലാത്തതിനാല്‍ സന്നദ്ധസംഘടനകളുടെ സഹായങ്ങള്‍ ഒരുപരിധിവരെ ഒഴിവാക്കുന്നു. ആരോരുമില്ലാത്ത 2 പേര്‍ ദേവസിക്കുട്ടിയുടെ വീട്ടില്‍ അന്തേവാസികളായിട്ടുണ്ട്. വണ്ടാനം മെഡിക്കല്‍ കോളജില്‍ നിന്നു വന്നുചേര്‍ന്ന മുരുകേശനും മറിയാമ്മയും. സമീപ പ്രദേശങ്ങളിലെ സുഹൃത്തുക്കളും പള്ളികളിലെ പ്രാര്‍ത്ഥനാ ടീമുകളുമാണ് അന്നദാനത്തിനും ചികിത്സാ സഹായത്തിനും മറ്റുമുള്ള സാമ്പത്തിക സഹായങ്ങള്‍ നല്‍കുന്നത്. സിപിഐ നേതാവ് പി.എസ്. സോമശേഖരന്‍ സ്മാരക പുരസ്‌കാരം, മട്ടാഞ്ചേരി കലാക്ഷേത്ര അവാര്‍ഡ്, ജൂനിയര്‍ ചേംബറിന്റെ ഇന്റര്‍നാഷണല്‍ അവാര്‍ഡ് എന്നിങ്ങനെയുള്ള സാമൂഹ്യപ്രവര്‍ത്തകര്‍ക്ക് ലഭിക്കുന്ന അംഗീകാരങ്ങള്‍ ദേവസിക്കുട്ടിക്ക് ലഭിച്ചിട്ടുണ്ട്.