സാന്നിധാനത്ത് എത്തുന്ന തീർഥാടകരുടെ സുഗമമായ നീക്കം തടസപ്പെടുത്തുന്ന അമ്പല മതികെട്ടിനോട് ചേർന്നുള്ള കെട്ടിടങ്ങള്‍ പൊളിച്ചു നീക്കാനും തീരുമാനമായിട്ടുണ്ട്

പമ്പ: തന്ത്രിയുടെയും മേൽശാന്തിയുടെയും മുറികൾ മാറ്റുന്നതടക്കം ശബരിമലയിൽ അടിമുടി മാറ്റം കൊണ്ടുവരാൻ ദേവസ്വം ബോർഡ് തീരുമാനം. അടുത്ത മണ്ഡലകാലത്തിന് മുന്‍പ് നിർമാണ പ്രർത്തനങ്ങൾ പൂർത്തിയാക്കും. തീർത്ഥാടകരുടെ സൗകര്യങ്ങൾക്കാകും മുഖ്യ പരിഗണനയെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പദ്മകുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

മാസ്റ്റർ പ്ലാൻ പൂർണമായി നടപ്പാക്കും. സാന്നിധാനത്ത് എത്തുന്ന തീർഥാടകരുടെ സുഗമമായ നീക്കം തടസപ്പെടുത്തുന്ന അമ്പല മതികെട്ടിനോട് ചേർന്നുള്ള കെട്ടിടങ്ങള്‍ പൊളിച്ചു നീക്കാനും തീരുമാനമായിട്ടുണ്ട്. അരവണ അപ്പം പ്ലാന്റുകൾ, ബാങ്ക് കെട്ടിടം, മീഡിയ സെന്റർ അടക്കം പൊളിക്കും.

അമ്പലത്തിനോട് ചേർന്നുള്ള തന്ത്രിയുടെയും മേല്ശാന്തിയുടെയും മുറികൾ സോപാനത്തിന് താഴേക്ക് മറ്റും. നിലയ്ക്കൽ പൂർണമായും ബേസ് ക്യാമ്പക്കും. നിലവിൽ ഒരു മണിക്കൂറിൽ 60,000 ലിറ്റർ വെള്ളമാണ് നിലയ്കലിൽ വേണ്ടത്. ജല ലഭ്യത ഉറപ്പാക്കാൻ സമഗ്ര പദ്ധതി നടപ്പാക്കും.

പമ്പ ഹിൽറ്റോപ്പിൽ 30 കോടി ചിലവിൽ പുതിയ പാലം നിർമിക്കും. പക്ഷേ പുതിയ കെട്ടിടങ്ങളുടെ നിർമാണമുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സാവകാശ ഹർജിയിൽ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്ന് ദേവസ്വം പ്രസിഡന്‍റ് എ. പത്മകുമാർ വ്യക്തമാക്കി.

ഹൈക്കോടതിയെ യുവതികൾ സമീപിച്ച കാര്യത്തിൽ ബോർഡ് ചർച്ച ചെയ്യും. സുപ്രീംകോടതി പറയുന്നത് നടപ്പാക്കും. യുവതികളുടെ പ്രവേശനം ചില ദിവസങ്ങളിലേക്ക് നിജപ്പെടുത്തുന്നത് ബോർഡ് ചർച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം പറ‍ഞ്ഞു.