ക്രമക്കേട് നടത്തുന്ന ജീവനക്കാരെ കണ്ടെത്തി റിപ്പോർട്ട് ചെയ്യൽ മുതൽ ലഹരി വസ്തുക്കൾ വിൽക്കുന്നവരെ പിടികൂടുന്നതുവരെയുള്ള ജോലികളാണ് സന്നിധാനത്ത് ദേവസ്വം വിജിലൻസിനുള്ളത്

പമ്പ: ശബരിമലയില്‍ കനത്ത ജാഗ്രത പുലര്‍ത്തി ദേവസ്വം വിജിലന്‍സ്. സന്നിധാനത്തെ വരുമാന ചോര്‍ച്ചയും ക്രമക്കേടുകളും തടയുകയാണ് പ്രധാന ലക്ഷ്യം. ക്രമക്കേട് നടത്തുന്ന ജീവനക്കാരെ കണ്ടെത്തി റിപ്പോർട്ട് ചെയ്യൽ മുതൽ ലഹരി വസ്തുക്കൾ വിൽക്കുന്നവരെ പിടികൂടുന്നതുവരെയുള്ള ജോലികളാണ് സന്നിധാനത്ത് ദേവസ്വം വിജിലൻസിനുള്ളത്.

രണ്ട് സബ് ഇന്‍സ്‍പെക്ടര്‍മാരടക്കം പത്ത് പേരാണ് സംഘത്തിലുള്ളത്. വിമുക്തഭടന്മാരില്‍ നിന്ന് തിരഞ്ഞെടുത്ത 110 പേരും വിജിലന്‍സിനെ സഹായിക്കാനുണ്ട്. ആള് കുറവാണെങ്കിലും ഇവർക്ക് തുണയാകുന്നത് സിസിടിവി ക്യാമറകളാണ്. ഭണ്ഡാരത്തിലേതടക്കം സന്നിധാനത്ത് സ്ഥാപിച്ചിട്ടുള്ള 60 ക്യാമറുകളിലേയും ദൃശ്യങ്ങൾ സംഘം തുടർച്ചയായി പരിശോധിക്കുണ്ട്.

തീർത്ഥാടകരെ കബളിപ്പിച്ച് നെയ്തേങ്ങ വാങ്ങിയെടുത്ത് കൊപ്ര കരാറുകാരന് എത്തിച്ചുകൊടുത്തവരെ പിടികൂടിയതായിരുന്നു ഈ സീസണിലെ ആദ്യ കേസ്. മാളികപ്പുറത്തെ വഴിപാട് ബില്ലിലെ ക്രമക്കേട് കണ്ടെത്തി നടപടി എടുക്കാനും വിജിലൻസിനായി. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ രണ്ട് തവണകളിലായി നിരോധിച്ച പുകയില ഉല്‍പന്നങ്ങളും പിടികൂടി. വിജിലൻസ് പരിശോധന കാര്യക്ഷമമായതിനാൽ അന്നദാനം സംബന്ധിച്ച പരാതികൾ വരെ ഇക്കുറി ഒഴിവാക്കാൻ കഴിഞ്ഞിട്ടുണ്ട്.