ശബരിമലയിൽ എത്തുന്ന ഭക്തരെ സംബന്ധിക്കുന്ന വിവരങ്ങൾ ദേവസ്വം ബോർഡ് ശേഖരിക്കാറില്ലെന്ന് മറ്റൊരു ദേവസ്വം ബോർഡ് അംഗം എൻ.ശങ്കരദാസ് പറ‍ഞ്ഞു. വിവരങ്ങൾ ശേഖരിക്കുന്നത് പൊലീസിന്‍റേയും സർക്കാരിന്‍റേയും ജോലിയാണ്


തിരുവനന്തപുരം: ശബരിമല ദർശനം നടത്തിയ 51 യുവതികളുടെ പട്ടികയിലുള്ളവർ ഇപ്പോൾ പ്രായം മാറ്റിപ്പറയുന്നതാകാം എന്ന് ദേവസ്വം ബോർഡ് അംഗം അഡ്വ.എൻ വിജയകുമാർ. ശബരിമല സ്ത്രീപ്രവേശന വിധിക്ക് ശേഷം ശബരിമല ദർശനം നടത്തിയവർ എന്നവകാശപ്പെട്ട് സർക്കാർ സുപ്രീം കോടതിയിൽ നൽകിയ 51 പേരുടെ പട്ടികയിൽ പലരും അമ്പത് വയസിന് മുകളിൽ പ്രായമുള്ളവരാണെന്ന വിവരം പുറത്തുവന്നതിനിടെയാണ് ദേവസ്വം ബോർഡ് അംഗത്തിന്‍റെ പ്രതികരണം. പട്ടികയിൽ ഇരുപത്തിയൊന്നാം നമ്പറായി ചേർത്തിട്ടുള്ള പരംജ്യോതി എന്നയാൾ പുരുഷനാണെന്ന വിവരവും ഇതിനിടെ പുറത്തുവന്നു.

ഇതിനിടെ ശബരിമലയിൽ എത്തുന്ന ഭക്തരെ സംബന്ധിക്കുന്ന വിവരങ്ങൾ ദേവസ്വം ബോർഡ് ശേഖരിക്കാറില്ലെന്ന് മറ്റൊരു ദേവസ്വം ബോർഡ് അംഗം എൻ.ശങ്കരദാസ് പറ‍ഞ്ഞു. വിവരങ്ങൾ ശേഖരിക്കുന്നത് പോലീസിന്‍റേയും സർക്കാരിന്‍റേയും ജോലിയാണ്. വിവരം കൊടുത്തവർക്ക് മാത്രമേ അത് അറിയുകയുള്ളൂ എന്നും എന്ത് ആസ്പദമാക്കിയാണ് ആണ് വിവരം നൽകിയത് എന്ന് ബോർഡിന് അറിയില്ലെന്നും ശങ്കരദാസ് പറഞ്ഞു. 

ശബരിമലയിൽ കൂടുതൽ ഭക്തരായ സ്ത്രീകൾ വന്നിരിക്കാം. സുപ്രീംകോടതി വിധിപ്രകാരം അതിന് അവർക്ക് അതിനുള്ള അവകാശമുണ്ട്. വേണ്ട സുരക്ഷ ഒരുക്കാൻ സർക്കാരിന് ബാധ്യസ്ഥതയുണ്ടെന്നും കെ പി പറഞ്ഞു. പത്രസമ്മേളനം നടത്തി പ്രശ്നമുണ്ടാക്കാനല്ല അവർ വരുന്നതെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു