ഗുരുവായൂരില്‍ മാല മോഷണവും പോക്കറ്റടിയും വര്‍ധിച്ചു, പരിഹാരം തേടി ദേവസ്വം മന്ത്രി
തൃശൂര്: ഗുരുവായൂര് ക്ഷേത്രത്തില് മാലമോഷണവും പോക്കറ്റടിയും വര്ദ്ധിച്ച സാഹചര്യത്തില്, പ്രശ്നത്തിന് ശാശ്വത പരിഹാരം തേടുകയാണ് ദേവസ്വം മന്ത്രി. സുരക്ഷ ശക്തമാക്കാൻ ഡിജിപിയ്ക്ക് നിര്ദേശം നല്കിയതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. പൊലീസ് കാര്യക്ഷമായി അന്വേഷിക്കാത്തതിനെ കുറിച്ച് പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
ഗുരുവായൂര് ക്ഷേത്രത്തില് ഏറ്റവും കൂടുതല് തിരക്ക് അനുഭവപ്പെടുന്നത് സ്കൂള് അവധിക്കാലത്താണ്. ഇക്കാലത്ത് ക്ഷേത്രത്തിനകത്ത് മാലമോഷണവും പോക്കറ്റടിയും വ്യാപകമാണെന്ന് പരാതി ഉയര്ന്നിട്ടുണ്ട്. ദര്ശനത്തിനായി വരിയില് നില്ക്കുമ്പോഴാണ് വിലപിടിപ്പുളള പല വസ്തുക്കളും നഷ്ടമാകുന്നത്. ക്ഷേത്രത്തിനകത്ത് സിസിടിവി ക്യാമറയില്ലാത്തതിനാല് മോഷ്ടാക്കളെ കണ്ടെത്തുക എളുപ്പമല്ലെന്നാണ് പൊലീസ് പറയുന്നത്.
എന്നാല് ഇതിനുളള 2 കോടി രൂപ കൈമാറിയതായി ദേവസ്വവും പറയുന്നു. ഈ സാഹചര്യത്തിലാണ് ക്ഷേത്രത്തിനത്തെ സുരക്ഷ ശക്തമാക്കാൻ ദേവസ്വം മന്ത്രി ഇടപെടുന്നത്. ഇക്കാര്യത്തെ കുറിച്ച് ദേവസ്വം ചെയര്മാനുമായും അഡ്മിനിസ്ട്രേറ്ററുമായും ചര്ച്ച നടത്തിയതായി മന്ത്രി അറിയിച്ചു. ഉടന് പരിഹാരമുണ്ടാകുമെന്നും ആവശ്യമായ മുന്കരുതലെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
