കാണിക്കയിലേക്ക് വരുമാനം എത്താത്തതാണ് നിലവില്‍ ദേവസ്വം ബോര്‍ഡ് നേരിടുന്ന വെല്ലുവിളി. വാവര് നടയ്ക്ക് മുന്നിലെ നിയന്ത്രണം ഇതിന് പ്രധാന കാരണമാണെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ വര്‍ഷം വിരിവയ്ക്കാന്‍ സ്ഥലം നല്‍കിയിരുന്ന ഇവിടെ ഇപ്പോള്‍ ബാരിക്കേഡുകള്‍ വച്ച് നിയന്ത്രിച്ചിരിക്കുകയാണ്. 

പത്തനംതിട്ട: പമ്പയിലും നിലയ്ക്കലിലും സന്നിധാനത്തും ഭക്തജനത്തിരക്കേറി. ഇന്ന് ഉച്ചവരെ മാത്രം 45000 പേരാണ് പമ്പവഴി മല ചവിട്ടിയത്. അതിനിടെ സന്നിധാനത്ത് വാവര് നടയ്ക്ക് മുന്നിലെ ബാരിക്കേഡുകൾ മാറ്റണമെന്ന് ദേവസ്വം ബോർഡ് പൊലീസിനോട് വീണ്ടും ആവശ്യപ്പെട്ടു. 

ഈ തീർത്ഥാടന കാലത്തെ ഏറ്റവും വലിയ തിരക്കാണ് ശബരിമലയിൽ അനുഭവപ്പെടുന്നത്.പമ്പയിൽ നിന്ന് ആളുകളെ കയറ്റി വിട്ട ആദ്യ ഒരു മണിക്കൂറിൽ മാത്രം പതിനാറായിരം പേർ മലചവിട്ടി. ഉച്ചയോടെ ഇത് കൂടി. ഇന്നലെ മൊത്തം നാൽപ്പത്തിനാലായിരം പേരാണ് മലചവിട്ടിയതെങ്കിൽ ഇന്ന് ഉച്ചവരെമാത്രം മല ചവിട്ടിയവരുടെ എണ്ണം ഇതിലധികം വരും. എങ്കിലും സുഗമമായ ദർശനം നടത്താനായതിന്റെ സന്തോഷത്തിലാണ് അയ്യപ്പഭക്തർ.

അതേസമയം കാണിക്കയിലേക്ക് വരുമാനം എത്താത്തതാണ് നിലവില്‍ ദേവസ്വം ബോര്‍ഡ് നേരിടുന്ന വെല്ലുവിളി. വാവര് നടയ്ക്ക് മുന്നിലെ നിയന്ത്രണം ഇതിന് പ്രധാന കാരണമാണെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ വര്‍ഷം വിരിവയ്ക്കാന്‍ സ്ഥലം നല്‍കിയിരുന്ന ഇവിടെ ഇപ്പോള്‍ ബാരിക്കേഡുകള്‍ വച്ച് നിയന്ത്രിച്ചിരിക്കുകയാണ്. 

അതിനാല്‍ തന്നെ മഹാകാണിക്കയിലേക്ക് വരുമാനം എത്തുന്നുമില്ല. മഹാകാണിക്കയെന്ന് വ്യക്തമാക്കുന്ന മൂന്ന് ബോര്‍ഡുകള്‍ ദേവസ്വം ബോര്‍ഡ് വച്ചിട്ടുണ്ടെങ്കിലും ഇത് വരുമാനം എത്താന്‍ സാഹയകമല്ല. വിരിവയ്ക്കാനുള്ള സൗകര്യം ഒരുക്കിയാല്‍ മാത്രമേ മഹാകാണിക്കയിലേക്ക് വരുമാനം വരൂ. ദേവസ്വം ബോര്‍ഡ് ഇക്കാര്യം വീണ്ടും പൊലീസിനെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ തല്‍ക്കാലം ബാരിക്കേഡുകള്‍ മാറ്റാനാകില്ലെന്നാണ് നിലപാടിലാണ് പൊലീസ്. 

അതേസമയം ശബരിമലയിലെ നടപടികള്‍ നിരീക്ഷിക്കാന്‍ ഹൈക്കോടതി നിയോഗിച്ച സമിതി ഇന്ന് സന്നിധാനത്തെത്തും. സമിതി നാളെ യോഗം ചേരും. യോഗത്തില്‍ നിലവിലെ നിയന്ത്രണത്തെ കുറിച്ച് ബോര്‍ഡ് ചര്‍ച്ചചെയ്യുമെന്നാണ് സൂചന.