Asianet News MalayalamAsianet News Malayalam

ശബരിമല: ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയിൽ സാവകാശ ഹര്‍ജി നൽകി

ശബരിമല വിധി നടപ്പാക്കാൻ സാവകാശം തേടി ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയിൽ ഹര്‍ജി നൽകി. സ്ത്രീ പ്രവേശനത്തിന് സാവകാശം വേണമെന്ന് ആവശ്യം. അടിസ്ഥാന സൗകര്യങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.

devaswom board in supreme court plea of tdb requesting postponment of implementing the women entry judgment
Author
Delhi, First Published Nov 19, 2018, 3:00 PM IST


ദില്ലി: ശബരിമല യുവതി പ്രവേശന വിധി നടപ്പാക്കാൻ സാവകാശം തേടി ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയിൽ അപേക്ഷ നൽകി. സംസ്ഥാനത്തും ശബരിമല പരിസരത്തും ഗുരുതരമായ ക്രമസമാധാന പ്രശ്നങ്ങളെന്നാണ് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്. അതേസമയം ജനുവരി 22ന് മുമ്പ് ശബരിമല ഹര്‍ജികൾ പരിഗണിക്കില്ലെന്ന് മറ്റൊരു കേസിൽ ഇന്ന് സുപ്രീംകോടതി വ്യക്തമാക്കി.

അസാധാരണ സുരക്ഷയൊരുക്കിയിട്ടും ശബരിമലയിൽ യുവതികളായ തീര്‍ത്ഥാടകരെ ഭീഷണിപ്പെടുത്തുകയും തടയുകയും ചെയ്യുന്ന സാഹചര്യമാണ്. തെമ്മാടിത്തവും അധിക്രമങ്ങളും മാധ്യമങ്ങൾ പൊതുജനശ്രദ്ധയിൽ കൊണ്ടുവന്നിരുന്നുവെന്നും സുപ്രീംകോടതി വിധി നടപ്പാക്കാൻ സാവകാശം തേടി നൽകിയ അപേക്ഷയിൽ ദേവസ്വം ബോര്‍ഡ് ചൂണ്ടിക്കാട്ടുന്നു. സുപ്രീംകോടതി വിധിക്കെതിരെ ചില വ്യക്തികളിൽ നിന്നും രാഷ്ട്രീയക്കാരിൽ നിന്നും ശക്തമായ പ്രതികരണങ്ങൾ ഉണ്ടായി. ചിത്തിര ആട്ടവിശേഷത്തിന് നട തുറന്നപ്പോൾ കുറച്ച് സ്ത്രീകൾ എത്തിയെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് അവര്‍ക്ക് തിരിച്ചുപോകേണ്ടിവന്നു. ആയിരത്തോളം സ്ത്രീകൾ ഈ സീസണിൽ ദര്‍ശനത്തിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ദര്‍ശനത്തിന് എത്തുന്ന സ്ത്രീകൾക്ക് സുരക്ഷയും മറ്റ് പ്രാഥമിക ആവശ്യങ്ങൾക്കുള്ള സൗകര്യങ്ങളും ഒരുക്കേണ്ടതുണ്ട്. പ്രളയത്തിൽ തകര്‍ന്ന നിര്‍മ്മാണങ്ങൾ ഇതുവരെ പുനഃസ്ഥാപിക്കാനായിട്ടില്ല. ശബരിമലയിലെ നിര്‍മ്മാണങ്ങൾക്ക് കേന്ദ്ര സര്‍ക്കാരിന്‍റെ നിയന്ത്രണങ്ങളും ഉണ്ട്. ഈ സാഹചര്യത്തിൽ സുപ്രീംകോടതി വിധി നടപ്പാക്കുന്നതിന് സാവകാശം അനുവദിച്ച് ഉത്തരവിറക്കണമെന്നാണ് ദേവസ്വം ബോര്‍ഡ് ആവശ്യപ്പെടുന്നത്. ശബരിമല വിധിക്ക് സ്റ്റേ ആവശ്യപ്പെട്ട് അയ്യപ്പഭക്തന്മാരുടെ ദേശീയ കൂട്ടായ്മ നൽകിയ ഹര്‍ജി വേഗം പരിഗണിക്കാൻ ഇന്ന് സുപ്രീംകോടതി വിസമ്മതിച്ചു. അഞ്ചംഗ ഭരണഘടന ബെഞ്ച് മാത്രമെ ശബരിമല ഹര്‍ജികൾ പരിഗണിക്കൂവെന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അറിയിച്ചു.

 

 

Follow Us:
Download App:
  • android
  • ios