നിയമന ഉത്തരവ് കൃത്രിമായി നിർമ്മിച്ച് തട്ടിപ്പ് വിവിധ ജില്ലകളിൽ നിന്നുള്ളവർ തട്ടിപ്പിന് ഇരയായി

തിരുവനന്തപുരം: ദേവസ്വം ബോർഡുകളിൽ ജോലി വാഗ്ദാനം നൽകി തട്ടിപ്പ് നടത്തിയ കേസിൽ ഒരാൾ പിടിയിൽ. പന്തളം സ്വദേശി അജിയാണ് പൊലീസിന്റെ പിടിയിലായത്. തിരുവിതാംകൂർ, മലബാർ ദേവസ്വങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിലാണ് പന്തളം സ്വദേശി അജിയെ തിരുവനന്തപുരം നെയ്യാറ്റിൻകര പൊലീസ് അറസ്റ്റ് ചെയ്തത്. നിയമന ഉത്തരവ് കൃത്രിമായി നിർമ്മിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ളവർ തട്ടിപ്പിന് ഇരയായിതായി പൊലീസ് പറഞ്ഞു.

നിയമന ഉത്തരവുമായി തിരുവനന്തപുരം സ്വദേശികളായ ഉദ്യോഗാർത്ഥികൾ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഓഫീസിലെത്തിയപ്പോഴാണ് തട്ടിപ്പ് തിരിച്ചറിയുന്നത്. തുടർന്ന് ഇവർ നൽകിയ പരാതിയിൽ അന്വേഷണം നടത്തിയ പൊലീസ് അജിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. നിരവധി കേസുകളിൽ പ്രതിയാണ് അജിയെന്നും ഒളിവിൽപ്പോയ മറ്റ് പ്രതികൾക്കായി തിരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.