സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ യുവതീ പ്രവേശനത്തിൽ എന്ത് ചെയ്യാൻ ഉദ്ദേശിക്കുന്നുവെന്ന് ഹൈക്കോടതി ദേവസ്വം ബോര്‍ഡിനോട് ചോദിച്ചിരുന്നു

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സാവകാശ ഹർജിയിൽ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്ന് ദേവസ്വം പ്രസിഡന്‍റ് എ. പത്മകുമാർ. ഹൈക്കോടതിയെ യുവതികൾ സമീപിച്ച കാര്യത്തിൽ ബോർഡ് ചർച്ച ചെയ്യും. സുപ്രീംകോടതി പറയുന്നത് നടപ്പാക്കും. യുവതികളുടെ പ്രവേശനം ചില ദിവസങ്ങളിലേക്ക് നിജപ്പെടുത്തുന്നത് ബോർഡ് ചർച്ച ചെയ്തിട്ടില്ലെന്നും പത്മകുമാര്‍ പറ‍ഞ്ഞു. 

സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ യുവതീ പ്രവേശനത്തിൽ എന്ത് ചെയ്യാൻ ഉദ്ദേശിക്കുന്നുവെന്ന് ഹൈക്കോടതി ദേവസ്വം ബോര്‍ഡിനോട് ചോദിച്ചിരുന്നു. സ്ത്രീകളുടെ ദർശനത്തിന് എന്തെങ്കിലും പ്രത്യേക സൗകര്യം ഒരുക്കിയോയെന്നും ദേവസ്വം ബോർഡിനോട് ഹൈക്കോടതി ചോദിച്ചു.

ശബരിമല ദർശനത്തിന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടുള്ള നാലു യുവതികളുടെ പൊതുതാൽപര്യ ഹർജി പരിഗണിക്കവെ സ്ത്രീകൾക്ക് ദർശനത്തിനായി രണ്ട് ദിവസം മാറ്റിവയ്ക്കാവുന്നതാണെന്ന് സർക്കാർ ഇന്ന് കോടതിയില്‍ അറിയിച്ചിരുന്നു.

അതേസമയം നടവരവ് കുറഞ്ഞതിൽ ആശങ്കയില്ല. ക്ഷേത്രങ്ങളെ തകർക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ക്ഷേത്ര വരുമാനം ചെലവാക്കുന്നത് ഹൈന്ദവർക്ക് വേണ്ടി തന്നെയാണ്. സര്‍ക്കാര്‍ എക്കാലവും ബോർഡിനെ സഹായിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യമുണ്ടായാൽ സർക്കാർ സഹായിക്കും.