Asianet News MalayalamAsianet News Malayalam

ശ്രീധരന്‍ പിളളയുടെ പ്രസംഗം: തന്ത്രിയോട് വിശദീകരണം തേടി ദേവസ്വം ബോര്‍ഡ്

പി എസ് ശ്രീധരന്‍ പിളളയുടെ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തില്‍ തന്ത്രി കണ്ഠര് രാജീവരില്‍ നിന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വിശദീകരണം തേടി.

devaswom board seeks explnation from sabarimala temple main priest
Author
Sannidhanam, First Published Nov 6, 2018, 12:23 PM IST

ശബരിമല: പി എസ് ശ്രീധരന്‍ പിളളയുടെ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തില്‍ തന്ത്രി കണ്ഠര് രാജീവരില്‍ നിന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വിശദീകരണം തേടി. മൂന്നു ദിവസത്തിനകം മറുപടി നല്‍കണമെന്ന് കാണിച്ചാണ് തന്ത്രിക്ക് നോട്ടീസ് നല്‍കിയത്. ശബരിമലയെ ഗൂഡാലോചനയുടെ കേന്ദ്രമാകാന്‍ അനുവദിക്കില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ. പത്മകുമാര്‍ പറഞ്ഞു.

തുലാമാസ പൂജയുടെ സമയത്ത് യുവതികള്‍ സന്നിധാനത്തെത്തുന്നത് തടയാനാനായി നടയടയ്ക്കുന്നതു സംബന്ധിച്ച് കണ്ഠര് രാജീവര് താനുമായി ചര്‍ച്ച നടത്തിയിരുന്നെന്ന പിഎസ് ശ്രീധരന്‍ പിളളയുടെ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തിലാണ് തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് നടപടി തുടങ്ങിയത്. തന്ത്രി കണ്ഠര് രാജീവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതായും തന്ത്രിയുടെ വിശദീകരണത്തിനു ശേഷമാകും തുടര്‍നടപടികളെന്നും ദേവസ്വം ബോര്‍ഡ് അംഗം കെപി ശങ്കര്‍ ദാസ് പറഞ്ഞു. യുവതീ പ്രവേശനത്തിനെതിരെ പരികര്‍മികള്‍ നടത്തിയ പ്രതിഷേധത്തിലടക്കം രാഷ്ട്രീയമുണ്ടോയെന്നും ദേവസ്വം ബോര്‍ഡ് സംശയിക്കുന്നു.

ശബരിമലയെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ അനുവദിക്കില്ലെന്നും ആചാരപരമായ കാര്യങ്ങളില്‍ ദേവസ്വം ബോര്‍ഡാണ് തീരുമാനമെടുക്കുന്നതെന്നും പ്രസിഡന്‍റ് എ. പത്മകുമാര്‍ പറഞ്ഞു. തന്ത്രി സമൂഹത്തിന് ഇന്ന് കൂടുതല്‍ വിശ്വാസം ബിജെപിയെയും അതിന്‍റെ സംസ്ഥാന അധ്യക്ഷനെയും ആണെന്നും നടയടയ്ക്കുന്ന കാര്യത്തില്‍ താന്‍ നല്‍കിയ വാക്കാണ് ദൃ‍മായ തീരുമാനമെടുക്കാന്‍ തന്ത്രിക്ക് ശക്തി നല്‍കിയത് എന്നുമായിരുന്നു യുവമോര്‍ച്ച യോഗത്തില്‍ ശ്രീധരന്‍ പിളളയുടെ പ്രസംഗം. നാളെ ചേരുന്ന ദേവസ്വം ബോര്‍ഡ് യോഗം ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്യുമെങ്കിലും തന്ത്രിയുടെ മറുപടി കിട്ടിയ ശേഷമാകും തുടര്‍ നടപടികള്‍.

Follow Us:
Download App:
  • android
  • ios