ഭോപ്പാല്‍: മഹാശിവരാത്രിയോടനുബന്ധിച്ച് മധ്യപ്രദേശിലെ പീപ്രി ഗ്രാമത്തിലെ ആശ്രമത്തില്‍ വിതരണം ചെയ്ത വിഷാംശം കലര്‍ന്ന പ്രസാദം കഴിച്ച് വിശ്വാസികള്‍ ആശുപത്രിയില്‍. പ്രസാദം കഴിച്ച 400 ഓളം വിശ്വാസികളാണ് ചികിത്സ തേടി ആശുപത്രിയില്‍ അഡ്മിറ്റ് ആയത്. 30 പേര്‍ ഇപ്പോഴും ചികിത്സയിലാണ്.
സംഭവത്തെ തുടര്‍ന്ന് ഡോക്ടര്‍മാരുടെ നിരവധി സംഘങ്ങള്‍ ബര്‍വാനിയില്‍നിന്ന് 15 കിലോമീറ്റര്‍ അകലെയുള്ള ആശ്രമത്തിലെത്തി. 1000 ലേറ പേരാണ് നഖൂന്‍ വേല്‍ ബാബ ആശ്രമത്തിലെ പ്രസാദമായ കിച്ചടിയും ഹല്‍വയും കഴിച്ചത്. നര്‍മ്മദ നദിയുടെ തീരത്താണ് ഈ ആശ്രമം സ്ഥിതി ചെയ്യുന്നത്.
പ്രസാദം കഴിച്ചതോടെ ഭക്ഷ്യ വിഷബാധയേറ്റ വിശ്വാസികള്‍ ചര്‍ദ്ദിക്കാന്‍ ആരംഭിച്ചു. ഉടന്‍ തന്നെ വൈദ്യസഹായം എത്തിക്കാന്‍ കഴിഞ്ഞതോടെ വലിയ ദുരന്തം ഒഴിവായതായി ജില്ലാ അധികൃതര്‍ അറിയിച്ചു.
ആശ്രമത്തില്‍നിന്ന് വീട്ടിലെത്തിയ ഉടന്‍ ചര്‍ദ്ദിക്കാന്‍ തുടങ്ങുകയായിരുന്നു. ആശ്രമത്തില്‍നിന്ന് കിച്ചടിയും ഹല്‍വയും കഴിച്ചതിന് ശേഷമാണ് ഇതുണ്ടായതെന്നും 12കാരനായ വിപിന്‍ യാദവ് പറഞ്ഞു. കഴിഞ്ഞ 25 വര്‍ഷമായി ആശ്രമത്തില്‍ ശിവരാത്രി ആഘോഷം നടക്കുന്നുണ്ട്. എന്നാല്‍ ഇത്തരമൊരു അനുഭവം ഇതാദ്യമായാണെന്ന് നര്‍മ്മദ ബച്ചാവോ ആന്തോളന്‍ പ്രവര്‍ത്തകന്‍ രാഹുല്‍ യാദവ് പറഞ്ഞു.
photo courtesy : times of india
