പത്തനംതിട്ട : യുവതികള്‍ ശബരിമലയില്‍ പ്രവേശിച്ചുവെന്ന ആരോപണത്തില്‍ കഴമ്പില്ലെന്ന് ദേവസ്വം വിജിലന്‍സ്. ശബരിമലയില്‍ പ്രവേശിച്ച രണ്ടു സ്ത്രീകള്‍ക്കും 50 വയസ്സു കഴിഞ്ഞതായി വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തി. സ്ത്രീകളുടെ മൊഴിയും വിജിലന്‍സ് രേഖപ്പെടുത്തി. കൊല്ലത്തെ വ്യവസായ പടിപൂജയില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചുകൊണ്ടാണ് ശബരിമലയില്‍ എത്തിയതെന്ന് ഇവര്‍ നല്‍കിയ മൊഴി.

അതേ സമയം വ്യവസായിക്ക് വേണ്ടി ക്ഷേത്രത്തിലെ ആചാരണനുഷ്ഠാനങ്ങളിൽ മാറ്റം വരുത്തിയെന്ന പരാതിയിൽ വിജിലൻസ് അന്വേഷണം തുടരുകയാണ്. ആചാരങ്ങള്‍ ലംഘിച്ച് ഈ മാസം 10ന് സ്ത്രീകള്‍ ശബരിമല ദർശനം നടത്തിയെന്നെ പ്രചാരണത്തെ തുടർന്നാണ് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചത്. യുവതികൾ ക്ഷേത്ര നടയിലെത്തിയന്ന പേരിൽ ഫോട്ടോകളും പ്രചരിച്ചു.

ഫോട്ടോയിലുള്ള കൊച്ചി സ്വദേശികളായ രണ്ടു സഹോദരികളുടെ മൊഴി ദേവസ്വം വിജിലൻസ് രേഖപ്പെടുത്തി. ഇരുവർക്കും 50 വയസ്സ് കഴിഞ്ഞുവെന്നാണ് രേഖകൾ പരിശോധിച്ചപ്പോൾ( വിജിലൻസിന് ബോധ്യപ്പെട്ടത്. ദേവസ്വം വിജിലൻസ് എസ്ഐ പ്രശാന്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. കുടുംബ സുഹൃത്തായ കൊല്ലത്തെ വ്യവസായി ക്ഷണിച്ച പ്രകാരമാണ് ശബരിമലയിൽ എത്തിയതെന്നാണ് സ്ത്രീകളുടെ മൊഴി .

അതേ സമയം വ്യവസായിക്കുവേണ്ടി ക്ഷേത്രം നട നേരത്തെ തുറന്നു എന്നടക്കം ആചാര അനുഷ്ഠാനങ്ങളിൽ മാറ്റം വരുത്തിയെന്ന ആക്ഷേപങ്ങളും വിജിലൻസ് അന്വേഷിക്കുന്നുണ്ട്. വർഷങ്ങളായി ബുക്ക് ചെയ്ത് കാത്തിരിക്കുന്നവരെ ഒഴിവാക്കി വ്യവസായിക്ക് പടിപൂജയും ഉദയാസ്തമയ പൂജയും നടത്താൻ അനുമതി നൽകി എന്ന പരാതിയും പരിശോധിക്കും.