പെരിയാര്‍ ടൈഗര്‍ റിസര്‍വ് വനത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന മംഗളാദേവി ക്ഷേത്രത്തിന്റെ പുനരുദ്ധാരണാ ആലോചനാ യോഗത്തിനെത്തിയതായിരുന്നു എ. പത്മകുമാര്‍.

ഇടുക്കി:വനംവകുപ്പിന്റെ പിടിവാശിയാണ് ശബരിമല അടക്കമുള്ള ക്ഷേത്രങ്ങളിലെ വികസന പ്രവര്‍ത്തനങ്ങൾക്ക് തടസ്സമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍. ആരാധനാ സ്വാതന്ത്ര്യത്തെ തടയുന്ന വകുപ്പിന്റെ നടപടികളെ വിശ്വാസികൾ ശക്തമായി ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു.

പെരിയാര്‍ ടൈഗര്‍ റിസര്‍വ് വനത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന മംഗളാദേവി ക്ഷേത്രത്തിന്റെ പുനരുദ്ധാരണാ ആലോചനാ യോഗത്തിനെത്തിയതായിരുന്നു എ. പത്മകുമാര്‍. യാന്ത്രികമായി പ്രവര്‍ത്തിക്കുന്ന വനംവകുപ്പാണ് പ്രശ്നങ്ങൾക്ക് കാരണം.നിലവിൽ വര്‍ഷത്തിൽ ഒരിക്കൽ മാത്രമാണ് മംഗളാദേവി ക്ഷേത്രത്തിൽ പൂജാ കര്‍മ്മങ്ങൾ ചെയ്യാനുള്ള അനുമതി. ഇത് വിശേഷദിവസങ്ങളിൽ എല്ലാം വേണം.

ഇതോടൊപ്പം തകര്‍ന്ന ക്ഷേത്രം പുനര്‍നിര്‍മ്മിക്കാൻ അനുവദിക്കണമെന്നുമാണ് ദേവസ്വം ബോര്‍ഡിന്റ ആവശ്യം. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ പൂര്‍ണ്ണ പിന്തുണയുണ്ടെന്നും പത്മകുമാര്‍ പറഞ്ഞു. മുഖ്യമന്ത്രിയേയും വനംമന്ത്രിയേയും പങ്കെടുപ്പിച്ചുകൊണ്ടുള്ള യോഗം ഉടൻ വിളിച്ചുകൂട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.