തിരുവനന്തപുരം: സോളാര്‍ കമ്മീഷന്റെ പ്രവര്‍ത്തനങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് ഡിജിപി എ ഹേമചന്ദ്രന്‍. കമ്മീഷന്റെ അന്വേഷണ പരിധിയില്‍ വരാത്ത കാര്യങ്ങളാണ് പലപ്പോഴും പരിശോധിക്കുന്നതെന്ന് ഡിജിപിയുടെ സത്യവാങ്മൂലത്തില്‍ കുറ്റപ്പെടുത്തുന്നു. സോളാര്‍ കേസിലെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് കമ്മീഷന്‍ അന്വേഷിക്കേണ്ടത്. എന്നാല്‍ അതില്‍ നിന്നു വ്യതിചലിച്ച് ക്രിമിനല്‍ കേസ് അന്വേഷണത്തിന്റെ വിചാരണയാണ് ഇപ്പോള്‍ നടക്കുന്നതെന്നാണ് ഡിജിപി ഹേമച്ചന്ദ്രന്റെ പ്രധാന ആരോപണം.

മുന്‍ വിധിയോടെ മൊഴി നല്‍കുകുവാന്‍ കമ്മീഷന്‍ സാക്ഷികളെ നിര്‍ബന്ധിക്കുകയാണ്. കമ്മീഷന് മുന്‍പില്‍ മൊഴി മാറ്റി പറഞ്ഞ സരിതയോടും സലീം രാജിനോടും അതിന്റെ കാരണം കമ്മീഷന്‍ അന്വേഷിക്കാഞ്ഞത് നീതി ബോധത്തിന് വിരുദ്ധമാണെന്നും സത്യവാങ്ങ് മൂലത്തില്‍കുറ്റപ്പെടുത്തുന്നു. തെറ്റിദ്ധാരണാ ജനകമായ ചോദ്യങ്ങളിലൂടെ പോലീസിന്റെ കുറ്റം കണ്ടു പിടിക്കാനുള്ള വ്യഗ്രത കാണുന്നു. 

നേരത്തെ പോലീസില്‍ നല്‍കിയ മൊഴികള്‍ തെറ്റ്, ഇപ്പോള്‍ കമ്മീഷന്‍ രേഖപ്പെടുത്തുന്നത് ശരി എന്ന മുന്‍ വിധിയോടെ വിശദീകരണം നല്‍കുവാന്‍ അന്വേഷണ ഉദ്യോഗസ്ഥരെ നിര്‍ബന്ധിക്കുന്നു എന്ന ഗുരുതരമായ ആരോപണവും ഹേമചന്ദ്രന്‍ ഉന്നയിക്കുന്നു.സോളാര്‍ കേസുമായി ബന്ധപ്പെട്ട് മ്മീഷന്റെ അന്തിമ റിപ്പോര്‍ട്ടില്‍ പരാമര്‍ശം ഉണ്ടാകും വിധം കമ്മീഷന്‍ എന്‍ ക്വയറീസ് ആക്ട് 8ബി പ്രകാരമാണ് ഡിജിപി ഹേമചന്ദ്രനെ വിളിച്ചുവരുത്തിയിരുന്നത്.