തിരുവനന്തപുരം: പൊലീസിലെ ദാസ്യപ്പണിയിൽ സേനയിൽ അമർഷം പുകയുന്ന സാഹചര്യത്തില്‍ ഡിജിപി ലോക്‌‌നാഥ് ബെഹ്റ പൊലീസ് സംഘടനകളുടെ അടിയന്തരയോഗം വിളിച്ചു. രാവിലെ 10.30ന് പൊലീസ് ആസ്ഥാനത്താണ് യോഗം.  എഡിജിപി സുദേഷ് കുമാറിനെതിരെ ദാസ്യപ്പണി ആരോപണം ഉയര്‍ന്നതിന് പിന്നാലെ മറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെയും നിരന്തരം  ആരോപണങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് യോഗം. 

എഡിജിപിയുടെ മകള്‍  പൊലീസ് ‌ഡ്രൈവര്‍ ഗവാസ്കറിനെ മർദ്ദിച്ചതിന് പിന്നാലെ എസ്.എ.പി ഡെപ്യൂട്ടി കമാൻഡന്റ് പി രാജുവിന്റെ വീട്ടിലും പൊലീസുകാർ ദാസ്യപ്പണി ചെയ്യുന്നുവെന്ന വിവരം പുറത്ത് വന്നിരുന്നു. വീട്ടിലെ ടൈൽസ് പണിക്ക് ക്യാംപ് ഫോളോവേഴ്സിനെയാണ് രാജു നിയോഗിച്ചത്. വിവാദമായപ്പോൾ നാളെ മുതൽ വരേണ്ടെന്ന്  നിർദ്ദേശം നൽകുകയായിരുന്നു.

വീട്ടിലെ അടുക്കള ജോലി മുതല്‍ അലക്കു ജോലിവരെ പൊലീസുകാരെക്കൊണ്ട് ചെയ്യിക്കുന്ന മേലുദ്യോഗസ്ഥരുണ്ടെന്നാണ് പൊലീസുകാര്‍ തന്നെ തുറന്നുപറയുന്നത്. ഒന്നിനു പുറകെ ഒന്നായി പൊലീസിനെതിരെ ആരോപണങ്ങള്‍ വന്നു നിറയുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിക്ക് അതൃപ്തിയുണ്ട്. ഈ സാഹചര്യങ്ങള്‍ കൂടി പരിഗണിച്ചാണ് യോഗം വിളിക്കാന്‍ ഡിജിപി തീരുമാനിച്ചിരിക്കുന്നത്.

അതേസമയം പൊലീസിലെ ദാസ്യപ്പണിയിൽ എഡിജിപി സുദേഷ്കുമാറിനെതിരെയുംഅന്വേഷണമുണ്ടാകുമെന്നാണ് സൂചന. ഔദ്യോഗിക വാഹനം സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ലെന്നാണ് ചട്ടം. പക്ഷെ സുധേഷ്കുമാറിന്റെ ഔദ്യോഗിക കാറിലാണ് കനകുന്നിൽ മകളെയും ഭാര്യയെയും പ്രഭാതസവാരിക്കായി പൊലീസ് ഡ്രൈവർ കൊണ്ടുവന്നത്. വണ്ടിക്കുള്ളിൽ വെച്ചാണ് മകൾ ഡ്രൈവറെ അടിച്ചത്. 

എഡിജിപിയുടെ നിർദ്ദേശപ്രകാരമാണ് മകളെ പ്രഭാതസവാരിക്ക് ഔദ്യോഗിക വാഹനത്തിൽ കൊണ്ടുപോയതെന്നാണ് ഡ്രൈവർ ഗവാസ്കറിന്റെ മൊഴി. എഡിജിപിയുടെ മകളുടെ മർദ്ദനമേറ്റ് ആശുപത്രിയിൽ കഴിയുന്ന ഗവാസ്കറിന്‍റെ കഴുത്തിന്‍റെ കശേരുവിന് സാരമായ പരിക്കുണ്ടെന്നുള്ള മെഡിക്കൽ റിപ്പോർട്ടും പുറത്തുവന്നിട്ടുണ്ട്.

പൊലീസ് ഡ്രൈവറെ ദാസ്യപ്പണിക്ക് ഉപയോഗിച്ചു, കേരള പൊലീസ് ആക്ടിൻറെ 99 ആം വകുപ്പിൻറെ ലംഘനമാണിത്. ആറ് മാസം വരെ തടവും പിഴയുമാണ് ചട്ടലംഘനത്തിനുള്ള ശിക്ഷ ദാസ്യപ്പണിക്ക് അപ്പുറം ഔദ്യോഗിക കാർ ദുരുപയോഗം ചെയ്തതും വ്യക്തം. അതേസമയം ഡ്രൈവർക്കെതിരെ എഡിജിപിയുടെ മകൾ കൊടുത്ത പരാതിയിൽ ഗവാസ്ക്കർക്കെതിരെ കടുത്ത നടപടിയിലേക്ക് പൊലീസ് കടക്കാനിടയില്ല. 

മകളുടെ പരാതിയിൽ ഗവാസ്ക്കറെ കുടുക്കാനുള്ള എഡിജിപിയുടെ നീക്കം പാളിയത് മുഖ്യമന്ത്രി ഇടപെട്ടതോടെയാണ്. ദാസ്യപ്പണി വിവാദമായതോടെ അനധികൃതമായി വീട്ടിൽ  നിർത്തിയിരുന്ന പല പൊലീസുകാരെയും ഉന്നത ഉദ്യോഗസ്ഥർ തിരിച്ചയച്ച് തുടങ്ങി. കൂടുതല്‍ നാണക്കേടില്ലാതെ പ്രശ്നം താല്‍ക്കാലികമായി ഒതുക്കാനായിരിക്കും ഡിജിപിയുടെ ശ്രമം. നിലവിലുള്ള കേസുകളില്‍ ശക്തമായ നടപടിയെടുത്ത് കൂടുതല്‍ കേസുകള്‍ പുറത്തുവരാതിരിക്കാനാകും യോ​ഗത്തിലൂടെ ശ്രമിക്കുക