തിരുവനന്തപുരം: മദ്യപിച്ച് പോലീസ് വാഹനത്തില്‍ അപകടകരമായ വിധത്തില്‍ യാത്ര ചെയ്ത ഐജിക്കെതിരെ നടപടി വേണമെന്ന് ഡിജിപി ലോക് നാഥ് ബെഹ്റ. ക്രൈംബ്രാഞ്ച് ഐ ജി ഐ ജെ ജയരാജനെതിരെയാണ് നടപടി ശുപാര്‍ശ ചെയ്ത് ഡിജിപി ആഭ്യന്തര സെക്രട്ടറിയ്ക്ക് കത്ത് നല്‍കിയത്. 

കഴിഞ്ഞ ദിവസം മദ്യലഹരിയില്‍ പോലീസ് വാഹനത്തില്‍ സഞ്ചരിച്ച ഐജിയെയും ഡ്രൈവറെയും അഞ്ചലില്‍ പോലീസ് പിടികൂടിയിരുന്നു. വൈദ്യപരിശോധനയില്‍ ഐജിയെ ഒഴിവാക്കുകയും ഡ്രൈവറിനെതിരെ കേസ് എടുക്കുകയും ചെയ്തിരുന്നു. പിടികൂടുമ്പോള്‍ വാഹനത്തില്‍ നിന്ന് ഇറങ്ങാന്‍ സാധിക്കാത്ത അവസ്ഥയിലായിരുന്നു ഇരുവരും. 

വിവരം ഡിജിപിയെ അറിയിച്ചതിനെ തുടര്‍ന്നായിരുന്നു വൈദ്യപരിശോധന നടത്തിയത്. ഐജി ജയരാജന്റെ കൊട്ടാരക്കരയിലുള്ള സുഹൃത്തിന്റെ സത്കാരത്തില്‍ പങ്കെടുത്ത ശേഷമാണ് ഇവര്‍ അഞ്ചലിലെത്തിയതെന്ന് ഐജി മനോജ് അബ്രഹാം വിശദമാക്കി. കൃത്യനിര്‍വ്വഹണത്തിനിടെ മദ്യപിച്ചതിന് അച്ചടക്ക നടപടിയുണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഡിജിപിയുടെ ഇടപെടല്‍.