കൊച്ചി: ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനു വേണ്ടി ഹൈക്കോടതിയില്‍ ഹാജരാകാനെത്തിയ അഭിഭാഷകന്‍ ഹരീഷ് സാല്‍വെയുമായി ഡിജിപി ലോക്‌നാഥ് ബെഹ്റ കൂടിക്കാഴ്ച നടത്തി. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലെത്തിയായിരുന്നു കൂടിക്കാഴ്ച. ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചയായില്ലെന്ന് ഡിജിപി പറഞ്ഞു. എന്നാല്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഡിജിപി ഹരീഷ് സാല്‍വയെ കണ്ടത്.

കൊച്ചി വെല്ലിങ്ടണ്‍ ലൈന്‍ ഐലന്റിലെ ഹോട്ടലിലെത്തിയാണ് ഡിജിപി ലോക്‌നാഥ് ബഹ്റ ഹരീഷ് സാല്‍വെയുമായി കൂടിക്കാഴ്ച നടത്തിയത്. നേരത്തെ എറണാകുളം ഗസ്റ്റ്ഹൗസിലെത്തി ബഹ്‌റ മുഖ്യമന്ത്രിയെ കണ്ടിരുന്നു. അതിനുശേഷമാണ് പിണറായിക്കു വേണ്ടി ഹൈക്കോടതിയില്‍ ഹാജരായ അഭിഭാഷകനെ കാണാന്‍ ബഹ്റ എത്തിയത്.

കൂടിക്കാഴ്ച അരമണിക്കൂര്‍ നീണ്ടു. സി ബി ഐ യില്‍ ഉണ്ടായിരുന്ന കാലത്ത് തന്റെ കേസുകള്‍ ഹരീഷ് സാല്‍വെയാ ണ് കൈകാര്യം ചെയ്തിരുന്നതെന്നും അക്കാര്യങ്ങളാണ് സംസാരിച്ചതെന്നും ബഹ്റ പറഞ്ഞു. ഇന്നലെ പിണറായി വിജയനും ഹോട്ടലിലെത്തി ഹരീഷ് സാല്‍വയെ കണ്ടിരുന്നു.