ഐ.ജിയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും വിദ്യാർത്ഥികൾ അക്രമ രാഷ്ട്രീയത്തിലേയ്ക്ക് കടക്കരുതെന്നും ഡിജിപി പറഞ്ഞു.

തിരുവനന്തപുരം: എറണാകുളം മഹാരാജാസ് കോളേജില്‍ എസ്എഫ്ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടിട്ടുള്ള കേസില്‍ അന്വേഷണം നല്ലരീതിയിൽ പുരോഗമിക്കുന്നുണ്ടെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. നിലവിൽ മൂന്ന് പേർ കസ്റ്റഡിയിലുണ്ട്. ഇക്കാര്യത്തില്‍ ഐ.ജിയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും വിദ്യാർത്ഥികൾ അക്രമ രാഷ്ട്രീയത്തിലേയ്ക്ക് കടക്കരുതെന്നും ഡിജിപി പറഞ്ഞു.

സംഭവത്തില്‍ ആകെ 15 പ്രതികളുണ്ടെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. വടുതല സ്വദേശി മുഹമ്മദാണ് കേസിലെ മുഖ്യപ്രതിയെന്ന് പോലീസ് അറിയിച്ചു. കോളേജിലെ മൂന്നാം വര്‍ഷ അറബിക് ബിരുദ വിദ്യാര്‍ത്ഥിയായ ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ്. ഇയാളുടെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. പ്രതികളെ കണ്ടെത്താന്‍ പൊലീസ് ഊര്‍ജ്ജിതമായ അന്വേഷണമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.