ആലപ്പുഴ: ഡിജിപിയുടെ ഔദ്യോഗിക വാഹനത്തില്‍ പെട്ടി ഓട്ടോ ഇടിച്ച് ആര്‍.ശ്രീലേഖയ്ക്ക് നിസാര പരിക്ക്. ദേശീയപാതയില്‍ ചേര്‍ത്തല എക്‌സ്‌റേ കവലയ്ക്ക് സമീപം രാത്രിയോടെയാണ് അപകടം. ഇടിച്ച പെട്ടിഓട്ടോ നിര്‍ത്താതെ പോയി. തിരുവനന്തപുരത്തു നിന്നു എറണാകുളത്തേക്ക് പോവുകയായിരുന്ന ഡിജിപിയുടെ വാഹനത്തിന്റെ വശത്തുകൂടി എതിരെ വന്ന പെട്ടിഓട്ടോ ഇടിക്കുകയായിരുന്നു.

പെട്ടെന്ന് വാഹനം നിര്‍ത്തിയപ്പോഴുണ്ടായ ഉലച്ചിലിലാണ് ഡിജിപിയുടെ വലതുകാലിന് നിസാര പരിക്കേറ്റത്. വിവരമറിഞ്ഞ് എത്തിയ ചേര്‍ത്തല പൊലീസ് മറ്റൊരു വാഹനം ഏര്‍പാടാക്കി. അതേസമയം പെട്ടിഓട്ടോയ്ക്കായി വ്യാപക തിരിച്ചില്‍ നടത്തുന്നുണ്ട്. ദേശീയപാതയോരങ്ങളിലെ ക്യാമറ ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.