പൊലീസിനും മനുഷ്യാവകാശമുണ്ടെന്ന് ഡിജിപി രാജേഷ് ദിവാന്‍
തിരുവനന്തപുരം: പൊലീസുകാർക്കും മനുഷ്യാവകാശ പ്രശ്നമുണ്ടെന്ന് ഇന്ന് വിരമിക്കുന്ന ഉത്തരമേഖലാ ഡിജിപി രാജേഷ് ദിവാൻ. വിടവാങ്ങൽ പരേഡിലായിരുന്നു പരാമർശം. അതേസമയം രാജേഷ് ദിവാന് ശേഷം സോളാർ കേസ് അന്വേഷണച്ചുമതല ആർക്ക് നൽകുമെന്ന് സർക്കാർ ഇതുവരെ തീരുമാനിച്ചിട്ടില്ല. പേരൂർക്കട എസ്എപി ഗ്രൗണ്ടിലായിരുന്നു സേനാംഗങ്ങളുടെ വിടവാങ്ങൽ പരേഡ്. രാജ്യത്തെ മികച്ച പൊലീസ് സേനയിൽ പ്രവർത്തിക്കാനായതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
1986 ബാച്ച് കേരള കേഡർ ഐപിഎസ് ഉദ്യോഗസ്ഥനാണ് രാജേഷ് ദിവാൻ. വടക്കൻ കേരളത്തിൽ നിന്നുള്ള ഐഎസ് റിക്രൂട്ട്മന്റ് കേസ് അന്വേഷണത്തിൽ വഴിത്തിരിവുണ്ടായത് രാജേഷ് ദിവാന്റെ കാലത്താണ്. സോളാറിൽ ജുഡീഷ്യൽ കമ്മീഷൻ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തലവനായിരുന്നു അദ്ദേഹം. വൻവിവാദമായ കേസിൽ പക്ഷെ ഇതുവരെ കാര്യമായ പുരോഗമതിയുണ്ടായിട്ടില്ല.
