സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച ശബരിമലയില്‍ കയറിയ യുവതികളുടെ പട്ടിക അബദ്ധമായതോടെ പൊലീസും നിയമവകുപ്പും പരസ്പരം പഴിചാരുന്നതിനിടെയാണ് ഡിജിപി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.

തിരുവനന്തപുരം: സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച ശബരിമല ദര്‍ശനം നടത്തിയ യുവതികളുടെ പട്ടികയിലെ പിഴവിനെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഡിജിപിയുടെ നിര്‍ദ്ദേശം. എഡിജിപി അനില്‍കാന്തിനോട് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് ഡിജിപിയുടെ നിര്‍ദ്ദേശം. സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച ശബരിമലയില്‍ കയറിയ യുവതികളുടെ പട്ടിക അബദ്ധമായതോടെ പൊലീസും നിയമവകുപ്പും പരസ്പരം പഴിചാരുന്നതിനിടെയാണ് ഡിജിപി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.

കോടതിയിൽ നേരിട്ട് നൽകാനല്ല ലിസ്റ്റ് കൊടുത്തതെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ ലിസ്റ്റിന്‍റെ ആധികാരികതയില്‍ സംശയം ഉണ്ടെന്ന് ആരും പറഞ്ഞില്ലെന്ന് നിയമവകുപ്പും പറയുന്നു. പട്ടികയിലെ പൊരുത്തക്കേടുകൾ പുറത്ത് വന്നതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് പൊലീസിനോടും നിയമവകുപ്പിനോടും വിശദീകരണം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവകുപ്പുകളും പരസ്പരം പഴി ചാരുന്നത്. 

വിർച്വൽ ക്യൂവിൽ റജിസ്റ്റർ ചെയ്ത് പമ്പയിൽ വന്ന് പാസ്സ് വാങ്ങിപ്പോയ ആളുകളുടെ കണക്കാണ് നൽകിയിരിക്കുന്നതെന്നാണ് പൊലീസ് പറയുന്നത്. ബിന്ദുവും കനകദുർഗയുമല്ലാതെ വേറെ ആരെങ്കിലും കയറിയോ എന്ന് ചോദിച്ചാൽ മാത്രം നൽകാനാണ് ഈ ലിസ്റ്റ് നൽകിയത്. എന്നാൽ ഇത് കൈകഴുകലാണ്, ഉത്തരവാദിത്തത്തോടെ പൊലീസ് തന്ന പട്ടികയാണിതെന്ന് നിയമവകുപ്പും പറയുന്നു. പൊലീസിന്‍റെ ലിസ്റ്റ് കിട്ടിയ ശേഷം ഏറെ ചർച്ചകൾക്കും കൂടിയാലോചനകൾക്കും ശേഷമാണ് കോടതിയിൽ കൊടുക്കാൻ തീരുമാനിച്ചതെന്നാണ് നിയമവകുപ്പിന്‍റെ വിശദീകരണം.