ദില്ലി: ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ വിവാദങ്ങൾ പുകയുമ്പോൾ എല്ലാവരും ഉറ്റുനോക്കുന്നത് തിങ്കളാഴ്ച സുപ്രീംകോടതി പരിഗണിക്കാൻ പോകുന്ന മുൻ ഡി.ജി.പി സെൻകുമാറിന്‍റെ കേസാണ്. സെൻകുമാറിനെ മാറ്റിയത് നിയമങ്ങൾ ലംഘിച്ചാണെന്ന വാദം കോടതി അംഗീകരിച്ചാൽ നിലവിലെ ഡി.ജി.പിയെ കോടതി തന്നെ മാറ്റുന്ന സാഹചര്യമുണ്ടാകും. കേസിന്‍റെ നടപടികൾ പരിശോധിക്കാൻ ഡി.ജി.പിയും ചീഫ് സെക്രട്ടറിയും ദില്ലിയിൽ തങ്ങുന്നുണ്ട്.

എൽ.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിൽ വന്ന ഉടൻ ഡി.ജി.പി സ്ഥാനത്ത് നിന്ന് സെൻകുമാറിനെ മാറ്റിയാണ് ലോക്നാഥ് ബഹറയെ നിയമിച്ചത്. ജിഷ വധം, പുറ്റിങ്ങൾ എന്നീ കേസുകൾ ചൂണ്ടിക്കാട്ടി പൊലീസിൽ ജനങ്ങൾക്കുള്ള വിശ്വാസം നഷ്ടപ്പെടാതിരിക്കാനായിരുന്നു ആ നടപടിയെന്നായിരുന്നു സര്‍ക്കാര് സുപ്രീംകോടതിയിൽ നൽകിയ വിശദീകരണം. 

അതേസമയം സര്‍ക്കാരിന്‍റെ നടപടി രാഷ്ടീയപകപോക്കലിന്‍റെ ഭാഗമാണെന്ന വാദമായിരുന്നു സെൻകുമാര്‍ കോടതിയിൽ ഉയര്‍ത്തിയത്. അതിനുള്ള തെളിവുകളും സെൻകുമാര്‍ ഹാജരാക്കി. ഇതോടെ സെൻകുമാറിനെ മാറ്റിയതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കാൻ സംസ്ഥാന സര്‍ക്കാരിനോട് കോടതി ആവശ്യപ്പെടുകയായിരുന്നു. തിങ്കളാഴ്ച കേസ് പരിഗണിക്കുമ്പോൾ രേഖകളെല്ലാം സര്‍ക്കാരിന് കോടതിയിൽ നൽകേണ്ടിവരും. 

രേഖകൾ കോടതിയിൽ എത്തിയാൽ ഇപ്പോൾ സര്‍ക്കാര്‍ മുന്നോട്ടുവെച്ചിട്ടുള്ള പല വാദങ്ങളും തെറ്റാണെന്ന് വ്യക്തമാകുമെന്ന് സെൻകുമാറിന്‍റെ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാരിന്‍റെ നടപടി തെറ്റാണെന്ന് ബോധ്യമായാൽ നഷ്ടപ്പെട്ട കാലാവധി തിരുച്ചുനൽകി ഡി.ജി.പി സ്ഥാനത്ത് തുടരാൻ അനുവദിക്കണമെന്ന സെൻകുമാറിന്‍റെ ആവശ്യം കോടതി പരിഗണിച്ചേക്കും. 

കേസിന്‍റെ സാഹചര്യങ്ങൾ പരിശോധിക്കാൻ ഡി.ജി.പിയും ചീഫ് സെക്രട്ടറിയും ദില്ലിയിൽ തങ്ങുന്നുണ്ട്. സെൻകുമാറിന്‍റെ നിയമനവുമായി ബന്ധപ്പെട്ട രേഖകൾക്കൊപ്പം ജിഷ വധക്കേസിന്‍റെയും പുറ്റിങ്ങൾ ദുരന്തത്തിന്‍റെയും അന്വേഷണ വിവരങ്ങളും കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുവരെ കോടതിയിൽ നിന്നുണ്ടായിട്ടുള്ള നിരീക്ഷങ്ങൾ സര്‍ക്കാരിന് വാദങ്ങൾക്ക് എതിരാണ്. തിങ്കളാഴ്ച കേസ് പരിഗണിക്കുമ്പോൾ ഹരീഷ് സാൽവെയാകും സര്‍ക്കാരിന് വേണ്ടി എത്തുക. ഡി.ജി.പി ലോക്നാഥ് ബെഹറയും ചീഫ് സെക്രട്ടറി നളിനി നെറ്റോയും ദില്ലിയിൽ എത്തിയിട്ടുണ്ട്.