തിരുവനന്തപുരം: പോലീസുകാരുടെ വ്യായാമക്കുറവിനെയും ഭക്ഷണപ്രിയത്തെയും കളിയാക്കി ഡിജിപി ലോക്‌നാഥ് ബെഹ്‌റ. വ്യായാമം ചെയ്യാന്‍ പറഞ്ഞുവിട്ടാല്‍ അഞ്ചെട്ട് ഇഡലി വാങ്ങിക്കഴിക്കും. കിട്ടുന്ന സമയങ്ങളിലൊക്കെ പൊറോട്ടയും രണ്ടും മൂന്നും പ്ലേറ്റ് ബീഫും കഴിക്കുമെന്നും ഡിജിപി പറഞ്ഞു. റൂറല്‍ ജില്ലാ പോലീസ് അസോസിയേഷന്റെ ആരോഗ്യസംരക്ഷണ പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പഴയ കണക്കനുസരിച്ച് കേരള പോലീസിലെ 29 ശതമാനവും പ്രമേഹ രോഗികളാണ്. അമിത ഭക്ഷണവും വ്യായാമക്കുറവുമാണ് ഇതിന് കാരണം. വ്യായാമം ചെയ്യാന്‍ പോലീസുകാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ ആരും ചെയ്യാറില്ല.
എല്ലാ പോലീസ് സ്‌റ്റേഷനിലും ഒരു ഡയറ്റ് ചാര്‍ട്ട് തയാറാക്കണം. പഴം പൊരിക്കരുത്, ഉഴുന്നുവട ഒരെണ്ണം മാത്രം എന്നിങ്ങനെ തമാശ രൂപേണ അമിത ഭക്ഷണം തടയാനുള്ള നിര്‍ദേശവും ബെഹ്‌റ നല്‍കി.
അതേസമയം വനിതാ പോലീസുകാര്‍ കുറച്ചെങ്കിലും വ്യായാമം ചെയ്യാറുണ്ട്. രാവിലെ ഏഴിനും എട്ടിനുമിടയിലുള്ള ഡ്യൂട്ടി ഒന്നും ചെയ്യേണ്ട പകരം വ്യായാമം ചെയ്തിട്ട് ഓഫീസില്‍ എത്തിയാല്‍ മതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
