ദുബായില്‍ വാഹനമോടിക്കുമ്പോള്‍ ഭക്ഷണം കഴിക്കുന്നവര്‍ക്ക് പിഴ ശിക്ഷ വരുന്നു. ഇത് സംബന്ധിച്ച നിര്‍ദേശം ഫെഡറല്‍ ട്രാഫിക് കൗണ്‍സിലിന് ദുബായ് പൊലീസ് സമര്‍പ്പിച്ചു കഴിഞ്ഞു.

ദുബായില്‍ വാഹനമോടിക്കുമ്പോള്‍ ഭക്ഷണം കഴിക്കുന്നതും ട്രാഫിക് നിയമ ലംഘനമായി പരിഗണിച്ചേക്കാം. വാഹനമോടിക്കുമ്പോള്‍ എന്തെങ്കിലും കുടിക്കുക, മേക്കപ്പിടുക, തലമുടി ചീകുക തുടങ്ങിയവയും നിയമ ലംഘനമായി പരിഗണിക്കമെന്ന് ദുബായ് പൊലീസ് നിര്‍ദ്ദേശം വച്ചു. ഫെഡറല്‍ ട്രാഫിക് കൗണ്‍സിലിലാണ് ഇത് സംബന്ധിച്ച് അധികൃതര്‍ നിര്‍ദേശം വച്ചിരിക്കുന്നത്.

ഇത്തരം നിയമ ലംഘനങ്ങള്‍ക്ക് ആയിരം ദിര്‍ഹം പിഴ ശിക്ഷയും ലൈസന്‍സില്‍ 12 ബ്ലാക്ക് പോയന്റുകളും നല്‍കണമെന്നാണ് ദുബായ് പൊലീസ് വ്യക്തമാക്കുന്നത്. റോഡില്‍ ശ്രദ്ധിക്കാതെ ഡ്രൈവിഗിനിടയില്‍ മറ്റ് കാര്യങ്ങള്‍ ചെയ്യുന്നത് കൊണ്ട് ധാരാളം അപകടങ്ങള്‍‌ സംഭവിക്കുന്ന പശ്ചാത്തലത്തിലാണ് ഇത്തരമൊരു തീരുമാനം. ഇത്തരത്തില്‍ മനുഷ്യജീവന് അപകടമുണ്ടായാല്‍ വാഹനം പിടിച്ചെടുക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.

വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ് ഉപയോഗിക്കുക, സെല്‍ഫിയെടുക്കുക തുടങ്ങിയ നിയമ ലംഘനങ്ങള്‍ക്ക് ഇപ്പോള്‍ ദുബായില്‍ 200 ദിര്‍ഹമാണ് പിഴ ശിക്ഷ. ഒപ്പം ലൈസന്‍സില്‍ നാല് ബ്ലാക്ക് പോയന്റുകള്‍ ലഭിക്കുകയും ചെയ്യും.

ദുബായ് പൊലീസ് ഫെഡറല്‍ ട്രാഫിക് കൗണ്‍സില്‍ സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ചാല്‍ ഇത് നിയമമായി പ്രാബല്യത്തില്‍ വരും.