ദില്ലി: എയര്‍സെല്‍ മാക്‌സിസ് കേസില്‍ മുന്‍ ടെലികോം മന്ത്രി ദയാനിധി മാരനെയും സഹോദരന്‍ ഉള്‍പ്പടെയുള്ളവരെയും ദില്ലി സിബിഐ കോടതി കുറ്റവിമുക്തരാക്കി. മാരനെതിരെയുള്ള കുറ്റങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്ന് കോടതി വ്യക്തമാക്കി. എയര്‍സെല്‍മാക്‌സിസ് ഇടപാടില്‍ 500 കോടി രൂപയുടെ അഴിമതി നടന്നുവെന്നാണ് സിബിഐ കണ്ടെത്തിയത്.

പ്രത്യേക സിബിഐ കോടതി ഒ.പി.സൈനിയാണ് ഏയര്‍സെല്‍ മാക്‌സിസ് കേസില്‍ ദയാനിധി മാരന്‍, അദ്ദേഹത്തിന്റെ സഹോദരന്‍ കലാനിധി, കലാനിധിയുടെ ഭാര്യ കാവേരി ഉള്‍പ്പടെ എട്ട് പ്രതികള്‍ക്കെതിരെയുള്ള കുറ്റങ്ങള്‍ റദ്ദാക്കിയത്. ദയാനിധി മാരന്റെ നേതൃത്വത്തില്‍ ഏയര്‍സെല്‍മാക്‌സിസ് ഇടപാടില്‍ 500 കോടി രൂപയുടെ അഴിമതി നടന്നുവെന്ന സിബിഐയുടെ കണ്ടെത്തല്‍ നിലനില്‍ക്കുന്നതല്ലെന്ന് കോടതി വ്യക്തമാക്കി. ഒന്നാംയു.പി.എ സര്‍ക്കാരില്‍ ടെലികോം മന്ത്രിയായിരിക്കെ 2006ല്‍ എയര്‍സെല്ലിന്റെ ഓഹരികള്‍ മലേഷ്യന്‍ കമ്പനിയായ മാര്‍ക്‌സിസിന് വില്‍ക്കാന്‍ മാരന്‍ നിര്‍ബന്ധിച്ചുവെന്നാണ് കുറ്റപത്രത്തില്‍ സിബിഐ ചൂണ്ടിക്കാട്ടിയത്. എയര്‍സെല്‍ കമ്പനി ഉടമയായിരുന്ന സി.ശിവശങ്കരന്‍ തന്നെയാണ് ഇത് വെളിപ്പെടുത്തിയത് ഓഹരികള്‍ വില്‍ക്കാന്‍ സമ്മര്‍ദ്ദം ചെലുത്തി ഏയര്‍സെല്‍ കമ്പനിയുടെ ലൈന്‍സ് മാരന്‍ തടഞ്ഞുവെച്ചുവെന്നും ശിവശങ്കരന്‍ കുറ്റപ്പെടുത്തിയിരുന്നു. ഇതേകുറിച്ചുള്ള അന്വേഷണമാണ് സിബിഐ നടത്തിയത്. ഏയര്‍സെല്‍മാക്‌സിസ് ഇടപാടിന്റെ പ്രത്യുപകാരമായാണ് മാരന്‍ കുടുംബത്തി്‌ന!റെ ഡി.ടി.എച്ച് കമ്പനിയില്‍ മാര്‍ക്‌സിസ് കമ്പനി 500 കോടി നിക്ഷേപിച്ചതെന്നായിരുന്നു സിബിഐയുടെ കണ്ടെത്തല്‍. എന്നാല്‍ സാമ്പത്തിക ഇടപാടുകള്‍ നിയമപരമായാണ് നടന്നതെന്ന് കോടതി വ്യക്തമാക്കി.