ചെന്നൈ: വിമത നേതാവ് ടി ടി വി ദിനകരനെ പിന്തുണച്ചവര്‍ക്കെതിരെ കൂട്ടപ്പിരിച്ചുവിടല്‍ നടപടി സ്വീകരിച്ച് അണ്ണാ ഡിഎംകെ. പുതുക്കോട്ടൈ, തിരുപ്പൂര്‍ ജില്ലാഘടകങ്ങളില്‍ നിന്ന് 133 പേരെ പുറത്താക്കി. കഴിഞ്ഞ ദിവസം, ദിനകരനെ അനുകൂലിച്ച 44 നേതാക്കളെ പാര്‍ട്ടി സ്ഥാനങ്ങളില്‍നിന്ന് അണ്ണാ ഡിഎംകെ പുറത്താക്കിയിരുന്നു. 

ഇവരെ പ്രാഥമികാംഗത്വത്തില്‍നിന്ന് പുറത്താക്കുന്നതായി എടപ്പാടി കെ.പളനിസാമിയും ഒ.പനീര്‍സെല്‍വവുമാണ് അറിയിച്ചത്. ടി.ടി.വി ദിനകരനെ പിന്തുണയ്ക്കുന്ന മുന്‍ എംഎല്‍എ ആര്‍. സാമിയും പുറത്താക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. മധുര, വില്ലുപുരം, ധര്‍മപുരി, തിരുച്ചിറപ്പള്ളി, പെരമ്പല്ലൂര്‍ എന്നീ മേഖലകളിലെ പ്രാഥമിക അംഗങ്ങള്‍ മുതല്‍ പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ അംഗങ്ങള്‍ വരെയുള്ളവരെയാണ് പുറത്താക്കിയത്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് ഇവരെ പുറത്താക്കിയതെന്ന് അണ്ണാ ഡിഎംകെ നേതൃത്വം അറിയിച്ചു. ഇത്തരക്കാരുമായി യാതൊരു ബന്ധവും പാര്‍ട്ടി പ്രവര്‍ത്തകര്‍ പാലിക്കരുതെന്നും നിര്‍ദേശമുണ്ട്. പുതുക്കോട്ടൈ, വെല്ലൂര്‍ ജില്ലകളിലെ ജില്ലാ സെക്രട്ടറിമാരും പുറത്താക്കിയവരില്‍ ഉള്‍പ്പെടുന്നു.

ഒരു പാര്‍ട്ടിയുടേയും പിന്തുണയില്ലാതെയാണ് അന്തരിച്ച തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മണ്ഡലമായിരുന്ന ആര്‍ കെ നഗറില്‍ ടി ടി വി ദിനകരന്‍ വിജയിച്ചത്. ഡിസംബര്‍ 21ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ പളനിസ്വാമി പക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയായ മധുസൂധനനെയും ഡിഎംകെ സ്ഥാനാര്‍ത്ഥി മരുത് ഗണേഷിനെയും പരാജയപ്പെടുത്തിയാണ് ദിനകരന്റെ വിജയം. 40707 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ദിനകരന്റെ ജയം. എഐഡിഎംകെയുടെ വോട്ടിലും ഡിഎംകെയുടെ വോട്ടിലും ചോര്‍ച്ചയുണ്ടാക്കാന്‍ ടിടിവിയ്ക്ക് സാധിച്ചു. ഇതേത്തുടര്‍ന്നാണ് ദിനകരനുമായി ബന്ധമുള്ള നേതാക്കള്‍ക്കെതിരെ അണ്ണാ ഡിഎംകെ നടപടികള്‍ സ്വീകരിച്ചുവരികയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജലളിതക്ക് ലഭിച്ച ഭൂരിപക്ഷമായ 39545 ദിനകരന്‍ മറികടന്നു. മറ്റ് 57 സ്ഥാനാര്‍ഥികളും ചേര്‍ന്ന് നേടിയതിലും കൂടുതല്‍ വോട്ടുകള്‍ ദിനകരന് ലഭിച്ചു. അതേസമയം എഐഎഡിഎംകെ ഒഴികെ ഡിഎംകെ അടക്കമുള്ളവര്‍ക്ക് കെട്ടിവച്ച പണം നഷ്ടമായി.