ന്യൂഡ‍ല്‍ഹി: തന്‍റെ പേര് ദുരുപയോഗം ചെയ്യുന്നുവെന്ന പരാതിയുമായി പ്രമുഖ മൊബൈല്‍ ഫോണ്‍ കമ്പനിക്കെതിരെ ഇന്ത്യന്‍ ക്രിക്കറ്റര്‍ മഹേന്ദ്ര സിംഗ് ധോനി കോടതിയെ സമീപിച്ചു. മാക്സ് മൊബിലിങ്ക് എന്ന കമ്പനിക്കെതിരെയാണ് ധോനി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. കരാര്‍ കാലാവധി അവസാനിച്ചിട്ടും തന്നെ ബ്രാന്‍ഡ് അംബാസിഡറായി കമ്പനി ദുരുപയോഗം ചെയ്യുകയാണ് എന്നാണ് മുന്‍ ക്യാപറ്റന്‍റെ പരാതി. ധോനിയുടെ പരാതി ഫയലില്‍ സ്വീകരിച്ച കോടതി കമ്പനിയോട് വിശദീകരണം ആരാഞ്ഞു. വിഷയത്തില്‍ 2016 ഏപ്രിലിലെ ഉത്തരവിനനുസരിച്ച് തുടരാന്‍ കോടതി ആവശ്യപ്പെട്ടു. കേസ് ജൂലൈ 28ന് കോടതി വീണ്ടും കേള്‍ക്കും. കമ്പനിയുമായിട്ടുള്ള കരാര്‍ 2012ല്‍ അവസാനിച്ചിട്ടും കമ്പനി തന്‍റെ പേര് ഉപയോഗിക്കുന്നുവെന്നാണ് ധോനിയുടെ പരാതി. എന്നാല്‍ ധോനി കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നാണ് കമ്പനിയുടെ അവകാശവാദം.