തിരുവനന്തപുരം: ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിസ് സംഘടിപ്പിച്ച പ്രമേഹദിന മെഗാക്യാമ്പ് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിസ് ഡയറക്ടര്‍ ഡോ. ആര്‍.വി. ജയകുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ അഡീഷണല്‍ ഡയറക്ടര്‍ ഡോ. പി.കെ. ജബ്ബാര്‍ സ്വാഗതമാംശംസിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. എ. റംലാബീവി മുഖ്യ പ്രഭാഷണം നടത്തി. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. സരിത ആര്‍.എല്‍. പ്രമേഹദിന സന്ദേശം നല്‍കി. ഡോ. ബിനീഷ് എന്‍.എസ്. നന്ദി പ്രകാശിപ്പിച്ചു.

വി.ജെ.ടി. ഹാളില്‍ രാവിലെ 8 മണിമുതല്‍ വൈകുന്നേരം 5 മണിവരെ നടന്ന മെഗാക്യാമ്പില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. രക്തത്തിലെ പഞ്ചസാരയുടെ അളവ്, തൈറോയിഡ്, കൊളസ്‌ട്രോള്‍, യൂറിക് ആസിഡ്, കാലിലെ രക്തയോട്ടം എന്നീ പരിശോധനകള്‍ സൗജന്യമായി നടത്തി.

വ്യായാമത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം ഉണ്ടാക്കാനായി മ്യൂസിയം ജംഗ്ഷന്‍ മുതല്‍ വി.ജെ.ടി. ഹാള്‍ വരെ കൂട്ട നടത്തവും സംഘടിപ്പിച്ചു. സബ് കളക്ടര്‍ ദിവ്യ എസ്. അയ്യര്‍ കൂട്ട നടത്തം ഫ്‌ളാഗോഫ് ചെയ്തു. ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. ആര്‍.വി. ജയകുമാര്‍ അഡീഷണല്‍ ഡയറക്ടര്‍ ഡോ. പി.കെ. ജബ്ബാര്‍, ഐ.എ.പി. സംസ്ഥാന സെക്രട്ടറി ഡോ. റിയാസ് ഐ. എന്നിവര്‍ പങ്കെടുത്തു.

ഈ വര്‍ഷത്തെ ലോക പ്രമേഹ ദിന പ്രമേയമായ സ്ത്രീകളും പ്രമേഹവും എന്ന വിഷയത്തെക്കുറിച്ച് പ്രമുഖ ഗൈനക്കോളജിസ്റ്റ് ഡോ. വിമല, മെഡിക്കല്‍ കോളേജ് എന്‍ഡോക്രൈനോളജി വിഭാഗം അസോ. പ്രൊഫസര്‍ ഡോ. ജയകുമാരി, ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോ. അന്നമ്മ ചാക്കോ എന്നിവര്‍ നയിച്ച പാനല്‍ ചര്‍ച്ചയും നടന്നു. വിവിധ വിഷയങ്ങളെ കുറിച്ച് രാവിലെ മുതല്‍ നടന്ന ബോധവത്ക്കരണ ക്ലാസുകള്‍ ഡോ. ആര്‍.വി. ജയകുമാര്‍, ഡോ. പി.കെ. ജബ്ബാര്‍, ഡോ. ബി.എസ്. ജയകുമാര്‍, ഡോ. ഡി. തങ്കം, ഡോ. ഇന്ദിര, ഡോ. അരുണ്‍ ബി നായര്‍ എന്നിവര്‍ നേതൃത്വം നല്‍കി.