ജര്‍മ്മനിയെ വീഴ്ത്തിയ ഗോള്‍ മെക്സിക്കോ നേടിയതിന് പിന്നാലെ മെക്സിക്കോയില്‍ ഭൂചലനം

മെക്‌സിക്കോ സിറ്റി: ജര്‍മ്മനിയെ വീഴ്ത്തിയ ഗോള്‍ മെക്സിക്കോ നേടിയതിന് പിന്നാലെ മെക്സിക്കോയില്‍ ഭൂചലനം. ജര്‍മനിക്കെതിരേ സ്‌ട്രൈക്കര്‍ ഹിര്‍വിങ്‌ ലൊസാനോ ഗോളടിച്ച 35-ാം മിനിട്ടിലാണു ഭൂചലനവുമുണ്ടായതെന്നാണ്‌ സ്വകാര്യ ഏജന്‍സിയായ ജിയോളജിക്കല്‍ ആന്‍ഡ്‌ അറ്റ്‌മോഫെറിക്കല്‍ ഇന്‍വെസ്‌റ്റിഗേഷന്‍സ്‌ പറയുന്നത്. എന്നാല്‍ ഇത് ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ മെക്‌സിക്കോയുടെ നാഷണല്‍ സീസ്‌മോലോജിക്കല്‍ സര്‍വീസ്‌, യു.എസ്‌. ജിയോളജിക്കല്‍ സര്‍വേ എന്നിവര്‍ തയ്യാറായിട്ടില്ല.

മെക്‌സിക്കോ സിറ്റിയില്‍ സ്‌ഥാപിച്ചിട്ടുള്ള രണ്ട്‌ സെന്‍സറുകളിലാണ്‌ ഈ ചലനം രേഖപ്പെടുത്തിയത്‌ എന്നാണ് ജിഎഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. വളരെ ചെറിയ ചലനമാണെങ്കിലും സെന്‍സറുകള്‍ പിടിച്ചെടുക്കുമെന്നു ജിയോളജിക്കല്‍ ആന്‍ഡ്‌ അറ്റ്‌മോഫെറിക്കല്‍ ഇന്‍വെസ്‌റ്റിഗേഷന്‍സ്‌ പറയുന്നു. 2011 ലും സമാന സംഭവമുണ്ടായി. നാഷണല്‍ ഫുട്‌ബോള്‍ ലീഗില്‍ മാര്‍ഷോണ്‍ ലിഞ്ചും സിയാറ്റില്‍ സീഹോക്‌സും തമ്മില്‍ നടന്ന മത്സരത്തിനിടെയായിരുന്നു കൃത്രിമ ഭൂചലനം.

സിയാറ്റില്‍ സീഹോക്‌സിന്റെ ആരാധകരുടെ വിജയാഹ്‌ളാദം 'ബീസ്‌റ്റ് ക്വേക്ക്‌' എന്ന ഓമനപ്പേരുള്ള കൃത്രിമ ഭൂചലനത്തിനു കാരണമായി. 2013 ലും സീഹോക്‌സ് സ്‌റ്റേഡിയത്തിനു സമീപമുള്ള സീസ്‌മോളജിക്കല്‍ റെക്കോഡിങ്‌ സ്‌റ്റേഷനില്‍ കൃത്രിമ ഭൂചലനം രേഖപ്പെടുത്തിയിരുന്നു.