തിരുവനന്തപുരം: പരവൂര്‍ വെടിക്കെട്ട് ദുരന്തമുണ്ടായ ദിവസം സംഭവ സ്ഥലത്ത് പ്രധാനമന്ത്രിയും രാഹുല്‍ ഗാന്ധിയും സന്ദര്‍ശനം നടത്തുന്നതിനെ എതിര്‍ത്തിരുന്നെന്നു ഡിജിപി ടി.പി. സെന്‍കുമാര്‍. ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെ പ്രധാനമന്ത്രിക്കു സുരക്ഷയൊരുക്കുന്നതിന്റെ ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്താണ് താന്‍ സന്ദര്‍ശനത്തെ എതിര്‍ത്തതെന്നു ഡിജിപി പറഞ്ഞു. പൊലീസ് സംവിധാനം മുഴുവന്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ മുഴുകിയിരിക്കുകയായിരുന്നു. ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രിക്കു സുരക്ഷയൊരുക്കുന്നതിലെ ആശങ്ക എസ്‌പിജിയെ അറിയിക്കുകയും ചെയ്തിരുന്നു.
രക്ഷാ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായശേഷം അടുത്ത ദിവസം സന്ദര്‍ശിച്ചാല്‍ മതിയെന്നായിരുന്നു എസ്‌പിജിയുമായുള്ള ആശയ വിനിമയത്തില്‍ തന്റെ നിലപാട്. എന്നാല്‍ കൊല്ലം സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി തീരുമാനിച്ചതോടെ താന്‍ നിര്‍ബന്ധിതനാവുകയും ആവശ്യത്തിനു സുരക്ഷ ഒരുക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
