വേനല്‍ക്കാലം ദുരിതം സമ്മാനിച്ചത് നമ്മള്‍ മനുഷ്യര്‍ക്ക് മാത്രമല്ല മിണ്ടാപ്രാണികള്‍ക്കും മരങ്ങള്‍ക്കും ചെടികള്‍ക്കുമൊക്കെയാണ്. കൊല്ലം കല്ലുവാതുക്കലില്‍ ഫാം ഹൗസ് നടത്തുന്ന ബിനുകുമാറിന്റെ നൂറുകണിക്കിന് പശുക്കളും ആടും കോഴിയും ആനയും വരെ കുടിവെള്ളം കിട്ടാതെ കഷ്ടപ്പെടുകയാണ്. ഇവയ്ക്കെല്ലാം കൂടി പ്രതിദിനം ആയിരക്കണക്കിന് ലിറ്റര്‍ വെള്ളം വേണം. വേനലില്‍ ഇതിനോടകം തന്നെ മൂന്ന് പശുക്കള്‍ ചത്തു. കുടിവെള്ള ക്ഷാമത്തെക്കുറിച്ച് പഞ്ചായത്ത് ഓഫീസില്‍ പരാതിപ്പെട്ടിട്ടും പരാഹരമുണ്ടാവാതെ വന്നതോടെയാണ് സഹികെട്ട് ബിനുകുമാര്‍ വളര്‍ത്തുമൃഗങ്ങളെയുമായി പഞ്ചായത്ത് ഓഫീസ് ഉപരോധിക്കാനെത്തിയത്.

ആനയുടെയും പശുവിന്‍റെ കഴുത്തില്‍ പ്രതിഷേധ ബാനറുകള്‍ തൂക്കിയായിരുന്നു സമരം. ഉപരോധം കാരണം പ്രദേശത്തെ ഗതാഗതത്തിന് ചെറിയ തടസമുണ്ടായി. സമരം ചെയ്യാനെത്തിയവര്‍ അവിവേകമൊന്നും കാണിക്കാത്തതിനാല്‍ ലാത്തിച്ചാര്‍ജ്ജോ ജല പീരങ്കിയോ പൊലീസ് ഉപയോഗിച്ചില്ല. ദാഹിച്ചാല്‍ വെള്ളം ചോദിക്കാനെങ്കിലും മനുഷ്യന് കഴിയുമ്പോള്‍ പാവം മിണ്ടാപ്രാണികളുടെ അവസ്ഥ അതിലും ദയനീയമാണ്.