ആഹ്ലാദത്തോടെ വേദിയിലേക്ക് കയറി വന്ന കുഞ്ഞ്, ചിരിച്ചും ബഹളമുണ്ടാക്കിയും അവിടെയെല്ലാം ഓടിനടന്ന് കളിക്കാന്‍ തുടങ്ങി. വേദിയിലും സദസ്സിലും ഒരുപോലെ കൗതുകം വിരിഞ്ഞു. വൈകാതെ കുഞ്ഞിന്റെ അമ്മ വേദിയിലേക്ക് ഓടിയെത്തി
വത്തിക്കാന്‍: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രസംഗം കേള്‍ക്കാനും അദ്ദേഹത്തെ ഒരുനോക്ക് കാണാനുമായി ആയിരങ്ങളാണ് വത്തിക്കാനിലെ പോള്‍ ആറാമന്‍ ഹാളിലെത്തിയത്. പല രാജ്യങ്ങളില്‍ നിന്നുമെത്തിയ പല പ്രായക്കാരായ വിശ്വാസികള്‍. എല്ലാവരെയും അഭിവാദ്യം ചെയ്തുകൊണ്ട് മാര്‍പാപ്പ വേദിയിലേക്ക് നടന്നു.
തിരക്കിനിടയില്‍ നിന്ന് തനിക്ക് നേരെ നീട്ടിയ കുഞ്ഞുങ്ങളെയെല്ലാം തൊട്ടും അനുഗ്രഹിച്ചും ഉമ്മ വച്ചും അവരോട് കുശലം പറഞ്ഞുമെല്ലാമാണ് മാര്‍പാപ്പ വേദിയിലേക്ക് നീങ്ങിയത്. പ്രസംഗത്തിന് ശേഷം വേദിയിലെ കസേരയില്‍ ഇരിക്കവേയാണ് മാര്‍പാപ്പയുടെ മുന്നിലേക്ക് ഭിന്നശേഷിക്കാരനായ കുഞ്ഞ് ഓടിയെത്തിയത്.
ആഹ്ലാദത്തോടെ വേദിയിലേക്ക് കയറി വന്ന കുഞ്ഞ്, ചിരിച്ചും ബഹളമുണ്ടാക്കിയും അവിടെയെല്ലാം ഓടിനടന്ന് കളിക്കാന്‍ തുടങ്ങി. വേദിയിലും സദസ്സിലും ഒരുപോലെ കൗതുകം വിരിഞ്ഞു. വൈകാതെ കുഞ്ഞിന്റെ അമ്മ വേദിയിലേക്ക് ഓടിയെത്തി. ആറുവയസ്സുകാരനായ തന്റെ മകന് സംസാരിക്കാനാകില്ലെന്നും പെരുമാറാന്‍ അല്‍പം വിഷമങ്ങളുണ്ടെന്നും അവര്‍ വിനയത്തോടെ മാര്‍പാപ്പയെ അറിയിച്ചു.
തന്റെ നാട്ടുകാരന്‍ തന്നെയാണ് കുഞ്ഞെന്ന് അറിഞ്ഞപ്പോള്‍ പോപ്പിന്റെ മുഖം കൂടുതല്‍ വിടര്‍ന്നു. 'അര്‍ജന്റീനക്കാരനാണ്, അച്ചടക്കമുണ്ടാകില്ല...' എന്ന് തമാശ കലര്‍ത്തി തൊട്ടടുത്തുണ്ടായിരുന്ന ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് ഗാന്‍സ്വെയിനേട് പറഞ്ഞ് ചിരിച്ചു. കുഞ്ഞിനെ ചേര്‍ത്തുപിടിച്ച് അനുഗ്രഹിച്ച ശേഷം യഥേഷ്ടം കളിക്കാന്‍ കുഞ്ഞിനെ അനുവദിക്കണമെന്ന് അമ്മയോട് അഭ്യര്‍ത്ഥിച്ചു.
ചടങ്ങുകള്‍ തീരുന്നതുവരെ കുഞ്ഞിനെ ഇഷ്ടാനുസരണം കളിക്കാന്‍ അനുവദിച്ച പോപ്പ് തന്റെ പ്രസംഗത്തിലും കുഞ്ഞിനെ ഉള്‍പ്പെടുത്തി. സംസാരിക്കാനാകാത്ത കുഞ്ഞാണെങ്കിലും എങ്ങനെയാണ് ആശയവിനിമയം നടത്തേണ്ടതെന്ന് അതിനറിയാം- പോപ്പ് പറഞ്ഞു.
'നമ്മള്‍ കുഞ്ഞുങ്ങളെ പോലെയായിരിക്കണമെന്ന് ജീസസ് പറയുന്നു. അതായത് ഒരു കുഞ്ഞ് അതിന്റെ അച്ഛന് മുന്നില്‍ എത്രമാത്രം സ്വതന്ത്രനാണോ അത്രയും തന്നെ സ്വതന്ത്രരായിരിക്കണം എന്നാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഈ കുഞ്ഞ് നമ്മെ പഠിപ്പിക്കുന്നതും അതാണ്..'- പോപ്പ് പറഞ്ഞു.
രസകരമായ സംഭവത്തിന്‍റെ വീഡിയോ കാണാം...

