ഡിജിലോക്കറിലുള്ള നിങ്ങളുടെ തിരിച്ചറിയല്‍ രേഖകളായ ആധാര്‍, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവയുടെ ഡിജിറ്റല്‍ കോപ്പികള്‍ ഇനിമുതല്‍ ഇന്ത്യന്‍ റെയില്‍വേ സ്വീകരിക്കും

ദില്ലി:ട്രെയിന്‍ യാത്രക്കിടെ കയ്യിലുള്ള തിരിച്ചറിയില്‍ കാര്‍ഡുകള്‍ നഷ്ടപ്പെട്ടാല്‍ വിഷമിക്കേണ്ടതില്ല. സര്‍ക്കാര്‍ നിയന്ത്രിത ഡിജിറ്റല്‍ സ്റ്റോറേജ് ആപ്ലിക്കേഷനായ ഡിജിലോക്കര്‍ നിങ്ങളുടെ കയ്യിലുണ്ടായാല്‍ മതി. ഡിജിലോക്കറിലുള്ള നിങ്ങളുടെ തിരിച്ചറിയല്‍ രേഖകളായ ആധാര്‍, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവയുടെ ഡിജിറ്റല്‍ കോപ്പികള്‍ ഇനിമുതല്‍ ഇന്ത്യന്‍ റെയില്‍വേ സ്വീകരിക്കും. എന്‍ഡിഎ സര്‍ക്കാരിന്‍റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമാണിത്.

എല്ലാ സോണല്‍ പ്രിന്‍സിപ്പിള്‍ ചീഫ് കൊമേഷ്യല്‍ മാനേജേര്‍മാര്‍ക്കും ഇത്സംബന്ധിച്ച അറിയിപ്പ് റെയില്‍വേ കൈമാറിയിട്ടുണ്ട്. ഡിജിലോക്കര്‍ അക്കൗണ്ടില്‍ നിന്നും ആധാറോ ഡ്രൈവിംഗ് ലൈസന്‍സോ നിങ്ങളുടെ ഐഡന്‍റിറ്റി തെളിയിക്കാനായി കാണിക്കുകയാണെങ്കില്‍ അത് സാധുവാണ്. എന്നാല്‍ ഡിജി ലോക്കറിലെ നിങ്ങളുടെ രേഖകള്‍ സ്വയം അപ്‍ലോഡ് ചെയ്തതാണെങ്കില്‍ അത് സാധുവായിരിക്കില്ല. ഏതെങ്കിലും അംഗീകൃത ഏജന്‍സിവഴിയായിരിക്കണം ഡിജിലോക്കറിലേക്ക് ഡോക്യുമെന്‍റസ് അപ്‍ലോഡ് ചെയ്യുന്നത്.