അജ്മാന്‍: കുട്ടിശാസ്‌ത്രജ്ഞതരുടെ ഉത്സവമായി അജ്മാന്‍ ഹാബിറ്റാറ്റ് സ്കൂളില്‍ ഡിജിറ്റല്‍ ഫെസ്റ്റിവല്‍. സാങ്കേതിക വിദ്യയിലൂടെ ആധുനിക ലോകത്തെ വെല്ലുവിളികള്‍ നേരിടാന്‍ വിദ്യാര്‍ത്ഥികളെ പ്രപ്തരാക്കുകയെന്ന ലക്ഷ്യത്തോടെയാണ് മേള സംഘടിപ്പിച്ചത്.

സ്കൂള്‍ പ്രവര്‍ത്തിപരിചയ മേളയുടെ ഡിജിറ്റല്‍ പതിപ്പിനാണ് അജ്മാന്‍ ഹാബിറ്റാറ്റ് സ്കൂള്‍ വേദിയായത്.ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്, റോബോട്ടിക്‌സ്, വെബ്സൈറ്റ് മൊബൈല്‍ ആപ്പുകള്‍, ഗെയിംസ് എന്നീ മേഖലകളില്‍ കുട്ടികളുടെ അവതരണങ്ങളും ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെയും സിനിമയിലേയും സാഹിത്യത്തിലേയും രസകരമായ അനുഭവങ്ങളും അടങ്ങിയതായിരുന്നു ഡിജിറ്റല്‍ ഫെസ്റ്റ്.

യുഎഇയില്‍ ആദ്യമായി ഹാബിറ്റാറ്റ് സ്കൂള്‍ തുടക്കമിട്ട സൈബര്‍സ്ക്വയര്‍ പ്രോഗ്രാമിംഗ് പരിശാലന പദ്ധതിയുടെ ഭാഗമായിരുന്നു ഫെസ്റ്റിവല്‍. ദശലക്ഷം കോഡര്‍മാരെ പരിശീലിപ്പിച്ചെടുക്കാനുള്ള പദ്ധതി യുഎഇ സര്‍ക്കാര്‍ മുന്നോട്ട് വച്ചതിന് പിന്നാലെയാണ് മേള സംഘടിപ്പിച്ചത്..

മനുഷ്യരുടെ സങ്കല്‍പ്പങ്ങള്‍ക്കും ബന്ധങ്ങള്‍ക്കും പഠനങ്ങള്‍ക്കും വളര്‍ച്ച നല്‍കുന്നതില്‍ ക്രിയാത്മകമായി ഡിജിറ്റല്‍ ടെക്നോളജിയെ എങ്ങിനെ ഉപയോഗിക്കാമമെന്ന അന്വേഷണത്തിന്‍റെ ഭാഗംകൂടിയാണ് ഡിജിറ്റല്‍ഫെസ്റ്റിവലെന്ന് അധികൃതര്‍ അറിയിച്ചു.