തന്റെ യജമാനനെ വീൽചെയറിലിരുത്തി എല്ലായിടത്തും കൊണ്ടുപോകുന്നത് ഈ നായയാണ്.   മൂക്കും തോളുമുപയോ​ഗിച്ചാണ് ഡി​ഗോങ് തന്റെ യജമാനന്റെ വീൽചെയർ തള്ളുന്നത്.   

ഫിലിപ്പീൻസ്: മനുഷ്യനോട് ഏറ്റവും ഇണങ്ങി ജീവിക്കുന്ന മൃ​ഗമാണ് നായ. വളർത്തുനായ അതിന്റെ യജമാനനെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന നിരവധി സംഭവങ്ങൾ സോഷ്യൽ മീഡിയയിലും നേരിട്ടും നാം കാണാറുണ്ട്. ഇത്തരത്തിലൊരു വീ‍ഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ‍യജമാനനെ വീൽച്ചെയറിലിരുത്തി തള്ളിക്കൊണ്ടു പോകുകയാണ് ഡി​ഗോങ് എന്ന വളർത്തുനായ. ഡാനിയേൽ അലാകോൺ എന്ന തന്റെ യജമാനനെ വീൽചെയറിലിരുത്തി എല്ലായിടത്തും കൊണ്ടുപോകുന്നത് ഈ നായയാണ്. മൂക്കും തോളുമുപയോ​ഗിച്ചാണ് ഡി​ഗോങ് തന്റെ യജമാനന്റെ വീൽചെയർ തള്ളുന്നത്. 

വർഷങ്ങൾക്ക് മുമ്പ് ബൈക്ക് ആക്സിഡന്റിൽ സ്പൈനൽ കോഡിന് അപകടം സംഭവിച്ച് വീൽചെയറിലായതാണ് ഫിലിപ്പീൻ സ്വദേശിയായ ഡാനിയൽ അലാകോൺ. പിന്നീട് എഴുന്നേറ്റ് നടക്കാൻ സാധിക്കാത്ത അവസ്ഥയിലായിരുന്നു ഇദ്ദേഹം. ഡി​ഗോ​​ങ് എന്ന വളർത്തുനായയെ അലാകോണിന് കിട്ടുമ്പോൾ അവൻ ജനിച്ചിട്ടേ ഉണ്ടായിരുന്നുള്ളൂ. ‌ഇവർക്ക് പിന്നിൽ യാത്ര ചെയ്ത ഒരു യുവാവാണ് ഈ വീഡിയോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ഒപ്പം ഇങ്ങനെ എഴുതുകയും ചെയ്തു. സിനിമകളിലും സീരിയലുകളിലും മാത്രമേ ഇത്തരം കാഴ്ചകൾ കണ്ടിട്ടുള്ളൂ. എന്നാൽ യഥാർത്ഥ ജീവിതത്തിൽ ഇത്തരം കാഴ്ചകൾ മനം കുളിർപ്പിക്കുന്നവയാണ്. അത് കണ്ടപ്പോൾ എന്ത് വികാരമാണ് അനുഭവപ്പെട്ടതെന്ന് വിശദീകരിക്കാൻ കഴിയുന്നില്ല. സോഷ്യൽ മീഡിയ അലാകോണിനെയും ഡി​ഗോങ്ങിനെയും ഏറ്റെടുത്തു കഴിഞ്ഞു.