കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിന്‍റെ ദൃശ്യങ്ങൾ, പ്രതിഭാഗത്തിന് നൽകാനാകില്ലെന്ന് പ്രോസിക്യൂഷൻ. എന്നാൽ കോടതിക്ക് തോന്നുന്നുവെങ്കിൽ ദൃശ്യം ഫോറൻസിക് ലാബിൽ പരിശോധിച്ച് അതിലെ സംഭാഷണത്തിന്റെ വിശദാംശങ്ങൾ പ്രതിഭാഗത്തിന് നൽകാം. നടിയെ ആക്രമിച്ച ദൃശ്യങ്ങളുടെ പകര്‍പ്പും മറ്റു രേഖകളും ആവശ്യപ്പെട്ട് കേസിലെ പ്രതിയായ ദിലീപ് നല്‍കിയ ഹര്‍ജികളിലാണ് പ്രോസിക്യൂഷൻ നിലപാട് ആവർത്തിച്ചത്.
ഇക്കാര്യം വ്യക്തമാക്കുന്ന രേഖാമൂലമുളള റിപ്പോർട്ടും പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചു. കേസുമായി ബന്ധപ്പെട്ട് കോടതിയിൽ സമർപ്പിച്ച ദൃശ്യങ്ങളിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്നും, ഇത് വിചാരണ വേളയിൽ തെളിയിക്കുന്നതിന് ദൃശ്യങ്ങൾ നൽകണമെന്നുമാണ് ദിലീപ് ആവശ്യപ്പെട്ടത്.
കേസിൽ മാപ്പുസാക്ഷിയായ പൊലീസുദ്യോഗസ്ഥൻ അനീഷ് നൽകിയ മൊഴിയുടെ പകർപ്പ് വേണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടിരുന്നു. അതില്‍ ഇയാൾ നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് മാത്രമാണ് അങ്കമാലി മജിസ്ട്രേറ്റ് കോടതി പ്രതിഭാഗത്തിന് നൽകിയത്. കേസ് അനന്തമായി നീട്ടക്കൊണ്ടുപോകാനാകില്ലെന്നും എത്രയും പെട്ടന്ന് വിചാരണയ്ക്കായി സെഷൻസ് കോടതിയിലേക്ക് വിടണമെന്നും അങ്കമാലി കോടതി പറഞ്ഞു.
