കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ നടൻ ദീലിപ് വീണ്ടും ജാമ്യാപേക്ഷയുമായി ഹൈക്കോടതിയിലേക്ക്. ജാമ്യം നൽകുന്നതിന് പ്രോസിക്യൂഷൻ നേരത്തെ  ഉന്നയിച്ച തടസ വാദങ്ങൾ നിലനിൽക്കുന്നതല്ല എന്നാവും ഉന്നയിക്കുക.

കൊച്ചിയിലെ മുതിർന്ന അഭിഭാഷകനായ ബി രാമൻ പിളള മുഖേനയാണ് ദിലീപിന്‍റെ പുതിയ നീക്കം. ജാമ്യാപേക്ഷയുമായി അടുത്തയാഴ്ച ഹൈക്കോടതിയെ സമീപിക്കും. ദീലിപീന്‍റെ മാനേജർ അപ്പുണ്ണി ഒളിവാലാണെന്നും  ദൃശ്യങ്ങൾ പകർത്താനുപയോഗിച്ച മൊബൈൽ ഫോൺ കണ്ടെത്താനുണ്ടെന്നുമായിരുന്നു ജിലീപിന്‍റെ ജാമ്യാപേക്ഷയിൽ സർക്കാർ നേരത്തെ തടസവാദം ഉന്നയിച്ചിരുന്നത്. ഇനി ഇത് നിലനിൽക്കില്ലെന്നാകും പുതിയ ഹർജിയിൽ ഉന്നയിക്കുക.

അപ്പുണ്ണി അന്വേഷണസംഘത്തിന് മുന്നിൽ  ഹാജരായി കഴിഞ്ഞു. കഴിഞ്ഞ ദിവസം അറസ്റ്റിലായ അഭിഭാഷകർ തന്നെ  മൊബൈൽ ഫോൺ സംബന്ധിച്ച് കൃത്യമായ മറുപടി നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ദിലീപിന്‍റെ തടവിലിടേണ്ട കാര്യമില്ലെന്നാകും ജാമ്യ ഹർജിയിൽ ഉന്നയിക്കും. അന്വേഷണവുമായി ഏതു ഘട്ടത്തിൽ സഹകരിക്കാൻ തയാറെന്നും അറിയിക്കും. ജാമ്യ ഹർ‍ജിയുമായി ദിലീപ് എത്തിയാൽ എതിർക്കാൻ തന്നെയാണ് പ്രോസിക്യൂഷൻ നീക്കം. ഇതിനിടെ തെളിവുശേഖരത്തിന്‍റെ ഭാഗമായി കൂടുതൽ പേരുടെ മൊഴിയെടുക്കുന്നത് തുടരുകയാണ്. നാദിർഷയേയും അപ്പുണ്ണിയേയും അടുത്തദിവസം തന്നെ വിളിച്ചുവരുത്തി വീണ്ടും ചോദ്യം ചെയ്യും.