കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തില്‍ അറസ്റ്റിലായ നടന്‍ ദിലീപ് പൊലീസ് ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്. ചോദ്യം ചെയ്യുന്ന ഉദ്യോഗസ്ഥരോട് തന്‍റെ ചില സിനിമകളിലെ അതേ രീതിയില്‍ പരിഹാസ രൂപേണയുള്ള മറുപടികളാണ് ദിലീപ് നല്‍കുന്നത്. ഇതേ തുടര്‍ന്ന് ഒരു താരത്തോട് കാണിക്കുന്ന യാതൊരുവിധ അടുപ്പമോ പിരഗണനയോ ദിലീപിനോട് കാണിക്കരുതെന്ന് ഉന്നതോദ്യോഗസ്ഥര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി.

അതേസമയം നടിയെ ആക്രമിച്ച ദൃശ്യങ്ങൾ മുഖ്യപ്രതി സുനിൽകുമാർ ദീലീപിന് കൈമാറിയിരുന്നെന്നും ദൃശ്യങ്ങൾ പകർത്തിയ ഫോണ്‍ ദീലീപിന്‍റെ കൈവശമുണ്ടെന്നുമാണ് പൊലീസ് സംശയിക്കുന്നത്. ജാമ്യഹർജിയെ എതിർത്ത് പ്രോസിക്യൂഷൻ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യമുളളത്.

അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ ജാമ്യ ഹ‍ർജിയെ എതിര്‍ത്ത് പൊലീസ് സമർപ്പിച്ച റിപ്പോർട്ടിലാണ് കൃത്യത്തിൽ ദീലീപിന്‍റെ പങ്ക് വ്യക്തമാക്കുന്ന സുപ്രധാന വിവരങ്ങളുളളത്. നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ കൊടുത്തത് ദിലീപാണ്. കൃത്യത്തിന് മറ്റുളളവരെ തെര‌ഞ്ഞെടുത്തത് ഒന്നാം പ്രതി സുനിൽകുമാറാണ്. എന്നാൽ വാഹനത്തിനുളളിൽവെച്ച് ചിത്രീകരിച്ച നടിയുടെ ദൃശ്യങ്ങൾ സുനിൽകുമാർ ദീലീപിന് കൈമാറിയിരുന്നെന്ന സുപ്രധാന വിവരമാണ് റിപ്പോർട്ടിലുളളത്. ഇതിന് പ്രതിഫലം നൽകാമെന്ന് ദിലീപ് വാഗ്ദാനം ചെയ്തിരുന്നു.എന്നാൽ ഈ തുക കിട്ടാതെ വന്നതോടെയാണ് സുനിൽകുമാർ സഹതടവുകാരുമായി ചേർന്ന് ദിലീപിനെ ഭീഷണിപ്പെടുത്തിയത്.