കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്തതിന് പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോടിയേരി ബാലകൃഷ്ണന്‍ കളിച്ച കളിയാണെന്ന് പിസി ജോര്‍ജ് എംഎല്‍എ. കോടിയേരിയടക്കം മൂന്ന് പേരാണ് ദിലീപിനെതിരെയുള്ള ഗൂഢാലോചന നടത്തിയതിന് പിന്നിലെന്നും പിസി ജോര്‍ജ് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പിണറായി വിജയന്‍റെ പ്രതിച്ഛായ തകര്‍ക്കാന്‍ വേണ്ടി കോടിയേരി ബാലകൃഷ്ണന്‍റെ കളിയാണിത്. ചാരക്കേസില്‍ കെ കരുണാകരനെതിരെ നടത്തിയത് പോലെ ആണ് ഇവിടെയും നടന്നത്. കോടിയേരി ബാലകൃഷ്ണന്‍, എഡിജിപി ബി സന്ധ്യ, ഒരു തിയേറ്റര്‍ ഉടമ എന്നിവരാണ് ഗൂഢാലോചന നടത്തിയതെന്ന് ജോര്‍ജ് ആരോപിച്ചു.

നേരത്തെയും ദിലീപിന് അനൂകൂലമായി പിസി ജോര്‍ജ് സംസാരിച്ചിരുന്നു. കേസ് കെട്ടിച്ചമച്ചതാണെന്നും കേരളത്തിലെ ജനങ്ങള്‍ ഇതിന് ക്ഷമ പറയേണ്ടി വരുമെന്നും പിസി ജോര്‍ജ് പറഞ്ഞിരുന്നു. ദിലീപിനെതിരെ തെളിവില്ലെന്ന് മുന്‍ ഡിജിപി സെന്‍കുമാര്‍ പറഞ്ഞതാണ്. തുടര്‍ന്ന് ഒന്നര ദിവസം കഴിഞ്ഞപ്പോള്‍ ദിലീപ് അറസ്റ്റിലായി. 

ഇതിലെന്താണ് ന്യായമെന്ന് പിസി ജോര്‍ജ് ചോദിച്ചു. പിണറായി വിജയനും നടനെ ഉപേക്ഷിച്ചുപോയ സ്ത്രീയും വേദി പങ്കിട്ടതിനു ശേഷമാണ് ഗൂഢാലോചന ഉയര്‍ന്നുവന്നത്. 

കേരളത്തില്‍ നിരവധി സ്ത്രീകള്‍ ബലാത്സംഗത്തിന് ഇരയാവുന്നു. സിന്ദാബാദ് വിളിക്കാന്‍ അപ്പോഴൊന്നും ആരെയും കണ്ടിട്ടില്ല. സിനിമാ നടിയെ ബലാത്സംഗം ചെയ്തപ്പോള്‍ മാത്രമാണ് സിന്ദാബാദ് എന്നും പിസി ജോര്‍ജ് പറഞ്ഞു.