വിഴിഞ്ഞത്തെ അദാനി-എംഎസ്സി ഓഹരി കൈമാറ്റത്തിൽ സിപിഎം കടുത്ത ആരോപണവുമായി രംഗത്ത്. ഇത് നിയമവിരുദ്ധമാണെന്നും കരാർ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു. വിഴിഞ്ഞം കരാറിലൂടെ ലഭിക്കുന്ന ആനുകൂല്യം സതീശനെന്ന് സിപിഎം.
തിരുവനന്തപുരം: വിഴിഞ്ഞത്തെ അദാനി - എംഎസ്സി ഓഹരി കൈമാറ്റത്തിൽ കടുത്ത ആരോപണവുമായി സിപിഎം. മുഖ്യമന്ത്രി വി ഡി സതീശൻ കൃത്യമായി അജണ്ട വെച്ച് പ്ലാൻ ചെയ്ത സംഭവമാണ് വിഴിഞ്ഞത്ത് നടന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ആരോപിച്ചു. വിഴിഞ്ഞം പൂർണ്ണമായി കയ്യടക്കുക എന്നുള്ളത് എംഎസ്‍സി കമ്പനിയുടെ താൽപര്യം. കരാർ റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിഴിഞ്ഞം കരാറിലൂടെ ലഭിക്കുന്ന ആനുകൂല്യം വീഡി സതീശൻ ഉൾപ്പെടെയുള്ളവർക്കാണ്. അദാനി, എംഎസ്‍സി കമ്പനി എന്നിവരുമായി മുഖ്യമന്ത്രി വലിയ ഡീൽ ഉണ്ടാക്കിയിരിക്കുന്നതായി എം വി ഗോവിന്ദൻ ആരോപിച്ചു. കരാർ വിഷയത്തിൽ രാഹുൽ ഗാന്ധി മറുപടി പറയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉപ നേതാവ് വിഷയം ചർച്ച ചെയ്ത് ആവശ്യമായ നിലപാട് സ്വീകരിക്കുമെന്നും സിപിഎം. മുൻകാലങ്ങളിൽ കീഴ് വഴക്കം അനുസരിച്ച് പ്രതിപക്ഷ നേതാവ് ഉപ നേതാവ് പദവികൾ കഴിഞ്ഞകാലങ്ങളിൽ എല്ലാം സിപിഎമ്മിന് ആയിരുന്നു.
വിഴിഞ്ഞത്തെ ഓഹരി കൈമാറ്റം നിയമവിരുദ്ധമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നേരത്തെ വിമർശനം ഉന്നയിച്ചിരുന്നു. 25 ശതമാനത്തിൽ അധികം ഓഹരി കൈമാറ്റം വേണമെങ്കിൽ സംസ്ഥാന സർക്കാരിൻറെ മുൻകൂർ അംഗീകാരം ആവശ്യമാണ്. അതാണ് കരാറിലെ വ്യവസ്ഥ. സംസ്ഥാന സർക്കാരിന്‍റെ അറിവോടെയുള്ള നീക്കമാണോ നടന്നതെന്ന് പിണറായി വിജയൻ ചോദിച്ചു. ജൂൺ 29 തന്നെ കരാർ ഒപ്പിട്ടു കഴിഞ്ഞു. കരാർ ലംഘിച്ചതിന് സർക്കാർ ഏത് തരത്തിലുള്ള നിയമ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ വ്യക്തമാക്കണം. വലിയ വിദേശ നിക്ഷേപം എന്ന രീതിയിൽ പ്രചാരണം ഉണ്ട്. ഓഹരി കൈ മാറ്റത്തിലൂടെ അദാനി ഗ്രൂപ്പിന് ലാഭമുണ്ടാക്കാനുള്ള ഇടപാടാണ് നടന്നിരിക്കുന്നതെന്നും പിണറായി വിജയൻ വിമർശിച്ചു.
അതേസമയം വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ സംസ്ഥാന സർക്കാരിന്റെ വ്യവസ്ഥകൾ ഉറപ്പാക്കാൻ അദാനിയുമായി അനുബന്ധ കരാർ പരിഗണനയിൽ. വിദേശ നിക്ഷേപം സ്വീകരിച്ച് ഓഹരി കൈമാറാനുള്ള അദാനി വിഴിഞ്ഞം പോർട്ടിന്റെ നടപടിയിൽ അതീവ ശ്രദ്ധയോടെയാണ് സർക്കാരിന്റെ തുടർ നടപടികൾ. എംഎസ്‍സി കമ്പനിയുടെ ഓഹരി പങ്കാളിത്തത്തിനായി അദാനി നൽകിയ അപേക്ഷയിൽ സർക്കാർ വിശദ പരിശോധന നടത്തും. ഓഹരി കൈമാറ്റത്തിൽ സർക്കാരിന്റെ വ്യവസ്ഥകൾ ഉറപ്പാക്കാൻ അനുബന്ധ കരാർ പരിഗണനയിലുണ്ട്. എംപവേർഡ് കമ്മിറ്റിയുടെ ശുപാർശയ്ക്ക് ശേഷമായിരിക്കും അന്തിമ തീരുമാനം. എംഎസ്‍സി കമ്പനിയുടെ ഓഹരി പങ്കാളിത്തത്തിനായി അദാനി നൽകിയ അപേക്ഷയിൽ സമഗ്ര പരിശോധനയ്ക്ക് ഒരുങ്ങുകയാണ് സർക്കാർ.


