കൊച്ചി: നടിയെ  ആക്രമിച്ച കേസിൽ ദിലീപ് അറസ്റ്റിലായിട്ട് ഇന്ന് രണ്ടുമാസം തികയുന്നു. ആലുവ സബ് ജയിലിൽ കഴിയുന്ന ദിലീപിനായി പുതിയ ജാമ്യാപേക്ഷ ഉടൻ സമർപ്പിക്കും. എന്നാൽ ജയിലിനുളളിൽ കിടന്നും സിനിമാ മേഖലയെ സ്വാധീനിക്കാനുളള ശ്രമമാണ് ദിലീപിന്‍റേതെന്ന് കോടതിയെ അറിയിക്കാനുളള ഒരുക്കത്തിലാണ് പൊലീസ്.

ജൂലൈ പത്തിന് വൈകിട്ട് ആറരയ്ക്കായിരുന്നു സൂപ്പർതാരം ദീലീപിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. 60 ദിവസമായി ആലുവ സബ് ജയിലിൽ കഴിയുന്ന ദിലീപിന്‍റെ മൂന്ന് ജാമ്യാപേക്ഷകൾ വിവിധ കോടതികൾ ഇതിനകം തളളി. ദിലീപിനെതിരെ പ്രഥമദ്യാഷ്യട്യാ തെളിവുണ്ടെന്നായിരുന്നു ഉത്തരവുകളിൽ ഉണ്ടായിരുന്നത്. എന്നാൽ നാലാമത്തെ ജാമ്യാപേക്ഷയുമായി അടുത്തദിവസം തന്നെ ഹൈക്കോടതിയെ സമീപിക്കുകയാണ് വീണ്ടും. അവധിക്കുശേഷം കോടതി തുറക്കുന്ന 13 നോ അല്ലെങ്കിൽ തൊട്ടടുത്ത ദിവസമോ പരിഗണനക്ക് കൊണ്ടുവരാനാണ് നീക്കം. എന്നാൽ ഇത്തവണയും ജാമ്യാപേക്ഷയെ നിശിതമായി എതിർക്കുമെന്നാണ് പൊലീസ് നിലപാട്.

ആഴ്ചകളായി തടവിലെ  കിടക്കുന്ന എത്ര ശക്തനാണെന്നും എന്തുമാത്രം സ്വാധീനശക്തിയുണ്ടെന്നും തെളിയിക്കുന്നതാണ് ഗണേഷ് കുമാർ നടത്തിയ പ്രസ്താവനയെന്നും  സിനിമാക്കാരുടെ ജയിലിലെ കൂട്ടപ്പൊരിച്ചിലെന്നും കോടതിയിൽ സ്ഥാപിക്കാനാണ് നീക്കം. സിനിമാക്കാർ തന്നെ സാക്ഷികളായി കേസിൽ ദിലീപ് പുറത്തിറങ്ങിയാൽ കേസ് തന്നെ അട്ടിമറിക്കപ്പെടുമെന്ന് വീണ്ടും നിലപാടെടുക്കും. ഗണേഷ് കുമാറിന്‍റെ ജയിൽ സന്ദർശനത്തിൽ ഗൂഡാലോചനയുണ്ടെന്ന് ആരോപിച്ച് അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് ജാമ്യാപേക്ഷയിൽ ഹൈക്കോടതിയിലും നൽകാനാണ് പൊലീസ് നീക്കം.